സ്പാനിഷ് ഫുട്ബോളിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന പുതിയ വിവാദത്തോടെ ബാഴ്സലോണ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. റഫറിയിങ് കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റ് ആയിരുന്ന ജോസെ മരിയ നെഗ്രിരക്ക് പണം കൈമാറുകയും ഇത് വഴി റഫറിയിങ് തീരുമാനങ്ങൾ ടീമിന് അനുകൂലമാക്കാൻ ശ്രമിച്ചു എന്നുമാണ് ആരോപണം. പിറകെ കോടതി കയറിയ കേസിൽ പ്രോസിക്യൂഷൻ, ബാഴ്‌സക്കും നെഗ്രിരക്കും എതിരെ വലിയ വാദങ്ങൾ ഉന്നയിക്കുകയും ചെയ്തത് സ്പാനിഷ് ഫുട്‌ബോളിനെ പിടിച്ചു കുലുക്കിയിട്ടുണ്ട്.
നെഗ്രിരയുടെ ഉടമസ്ഥതയിലുള്ള കമ്പനി ആയ DASNIL 94 SL ക്ക് 2016 നും 2018നും ഇടയിൽ ബാഴ്‌സലോണ വഴി പണമെത്തി എന്ന ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ കണ്ടെത്തലോടെയാണ് വിവാദം തുടങ്ങുന്നത്. 5ലക്ഷം യൂറോ 2016 ലും 5.4 ലക്ഷം യൂറോ 2017 ലും 3 ലക്ഷം യൂറോ 2018ലും ബാഴ്‌സ വഴി ഈ കമ്പനിയിൽ എത്തിയിട്ടുണ്ട്. ഈ കമ്പനി ആവട്ടെ, ടീമിൽ നിന്നും പണമെത്തിക്കാൻ മാത്രമുള്ള ഉപാധി ആണെന്നും ആരോപണം ഉണ്ട്. അതേ സമയം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ (SER Catalaunya) 2018ൽ ഈ ഇടപാട് അവസാനിപ്പിച്ചതായും 2003 മുതൽ ഇത് തുടർന്ന് വന്നിരുന്നതായും മുൻ പ്രസിഡന്റ് ബർത്തോമു പറഞ്ഞു.
റഫറിമാരെ വിലയിരുത്താനുള്ള വിദഗ്ദോപദേശം നേടാനുള്ള ഒരു കൺസൽട്ടിങിന്റെ ഭാഗമായാണ് ഈ ഈ സാമ്പത്തിക കൈമാറ്റം നടന്നത് എന്നാണ് നെഗ്രിരയുടെ വാദം. എന്നാൽ ടീമിന് ഇത്തരം സേവനം നൽകിയതായി ഉള്ള രേഖകൾ ഒന്നും അദ്ദേഹത്തിന്റെ കയ്യിൽ ഇല്ലാത്തതാണ് കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലേക്ക് നയിച്ചത്. ബാഴ്‍സയുമായി വാക്കാലുള്ള കരാർ മാത്രമാണ് ഉണ്ടായിരുന്നത് എന്നും ടീമിന് ഉപദേശങ്ങൾ നൽകിയിരുന്നതും വാക്കാൽ മാത്രം ആയിരുന്നു എന്നുമാണ് നെഗ്രിര ഉദ്യോഗസ്ഥർക്ക് മുൻപാകെ പറഞ്ഞിരിക്കുന്നത്. നെഗ്രിര, അദ്ദേഹത്തിന്റെ മകനും കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്ററും ആയിരുന്ന റൊമേറോ, മുൻ ബാഴ്‌സ എക്സിക്യൂട്ടീവുകൾ എന്നിവർ പ്രോസിക്യൂഷൻ മുൻപാകെ തങ്ങളുടെ വാദങ്ങൾ നിരത്തി. കമ്പനി വഴി എത്തിയ റിപ്പോർട്ടുകൾക്കുള്ള പ്രതിഫലമാണ് തങ്ങൾ നൽകിയത് എന്നാണ് ഇവരുടെ വാദം. അതേ സമയം “നെഗ്രിര കേസി” ന് പിറകെ സ്പോർട്ടിങ് അഴിമതി, ഭരണത്തിലെ ക്രമക്കേടുകൾ, സാമ്പത്തിക ക്രമക്കേടുകൾ എന്നീ ആരോപണങ്ങൾ മുൻ പ്രസിഡന്റുമാരായ ബെർതോമു, റോസൽ എന്നിവർക്കെതിരെയും കേസിന്റെ ഭാഗമായി ഉണ്ട്.
വിവാദങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ച ബാഴ്‌സ എല്ലാ ആരോപണങ്ങളും തള്ളിയിരുന്നു. ഈ സാഹചര്യം തങ്ങൾ മുൻകൂട്ടി കണ്ടിരുന്നു എന്നും നിലവിൽ പുറത്തു വന്നത് പ്രോസിക്യൂഷന്റെ പരാതികളും പ്രാഥമിക നിഗമനങ്ങളും മാത്രമാണ് എന്ന് ബാഴ്‌സ അറിയിച്ചു. ഇനി ജുഡീഷ്യൽ അന്വേഷണം നടക്കട്ടെ എന്നും ഇതിൽ തങ്ങളുടെ എല്ലാ സഹകരണവും ഉണ്ടാവും എന്നും ടീം കൂട്ടിച്ചേർത്തു. ലാ ലീഗ ടീമുകളുടെ ഇടയിലും പ്രശ്നം ഉയർന്നതോടെ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ടീമുകൾ പറഞ്ഞിരുന്നു. ഈ മീറ്റിങ്ങിൽ റയൽ മാഡ്രിഡ് മാത്രമാണ് എതിരായി അഭിപ്രായം രേഖപ്പെടുത്തിയത്.
എന്നാൽ കേസിൽ ബാഴ്‌സലോണക്ക് സ്പാനിഷ് ലീഗിൽ നിന്നും തിരിച്ചടി ലഭിക്കാൻ സാധ്യതയില്ല എന്നാണ് എ.എസ് അടക്കമുള്ള സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌യുന്നത്. മൂന്ന് വർഷം മുൻപേയുള്ള ആരോപണങ്ങൾക്ക് മാത്രമേ ലീഗിന് നടപടി എടുക്കാൻ സാധിക്കൂ. ലീഗ് പ്രസിഡന്റ് റ്റെബാസും ബാഴ്‌സക്കെതിരെ സ്പോർട്ടിങ് നടപടികൾ സാധ്യമല്ല എന്ന് അറിയിച്ചിരുന്നു. എന്നാൽ മുൻകാല നടപടികൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ചാമ്പ്യൻസ് ലീഗിൽ ബാഴ്‍സക്ക് വലിയ തിരിച്ചടികൾ നേടാൻ സാധ്യത ഉണ്ടെന്ന് എ.എസ് റിപ്പോർട്ട് ചെയ്യുന്നു. ഫെനെർബാഷെയെ 2013 – 15 ഘട്ടത്തിലും ബസിക്തസിനെ 2013 – 14 ലും ചാമ്പ്യൻസ് ലീഗിൽ നിന്നും വിലക്കിയതടക്കമുള്ള സാഹചര്യങ്ങൾ ആണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതു പോലെ ബാഴ്‌സക്കെതിരെയും നടപടി ഉണ്ടായാൽ അത് സ്പോൺസർഷിപ്പ് അടക്കം ടീമിന്റെ വരുമാനത്തെയും വലിയ രീതിയിൽ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
(Source: cadenaser.com, as.com)