ബാഴ്‌സലോണക്കെതിരെ ഉയർന്ന “നെഗ്രിര കേസ്” ൽ കഴിഞ്ഞ മണിക്കൂറുകളിൽ നടന്നത് വലിയ സംഭവ വികാസങ്ങൾ. കേസിൽ നേരിട്ട് ഇടപെടാൻ തീരുമാനിച്ച യുവേഫ ഇതിന് വേണ്ടി ഉദ്യോഗസ്ഥരേയും നിയമിച്ചതാണ് ഏറ്റവും പുതിയ വാർത്ത. ഇതോടെ നിലവിൽ നടക്കുന്ന അന്വേഷണങ്ങൾക്ക് പിറകെ യുവേഫയുടെ അന്വേഷണവും ബാഴ്‌സ നേരിടേണ്ടി വരും. ലാ ലീഗയിൽ നിന്നും ആഴ്ച്ചകൾക്ക് മുൻപ് തന്നെ യുവേഫ കേസ് സംബന്ധമായ വിവരങ്ങൾ സമർപ്പിക്കാൻ നിർദേശം നൽകിയിരുന്നു. ലാ ലീഗയുടെ കാലപരിധിക്ക് പുറത്തു നടന്ന കേസ് ആയതിനാൽ യുവേഫയുടെ ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് ടേബാസ് കത്തെഴുത്തുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ബാഴ്‌സക്ക് അനുകൂലമായ സംഭവികസങ്ങൾ ആണ് പൊതുവെ ഉണ്ടായത്. ബാഴ്‌സയുടെ വാദമുഖങ്ങൾ ശരിവെക്കുന്ന രീതിയിൽ രേഖകൾ സ്പാനിഷ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതിൽ നെഗ്രിരയുടെ കമ്പനി വഴി സമർപ്പിച്ച റിപ്പോർട്ടുകൾ പലതും മത്സര ശേഷം റഫറിമാരെ വിലയിരുത്തി കൊണ്ടുള്ളതാണെന്ന വിവരമാണ് രേഖപ്പെടുത്തിയത്. അന്ന് ബാഴ്‌സ ബി ടീം ഡയറക്റ്റർ ആയിരുന്ന ജോസെപ് കൊണ്ട്രേരാസ് വഴി ടീമിന് നൽകിയ വിവരങ്ങൾ ആണ് ഇപ്പൊ വെളിപ്പെടുത്തിയത്. ഇതോടെ ബാഴ്‌സ മുന്നോട്ടു വെച്ച വാദ മുഖങ്ങൾക്ക് ശക്തിയേറി. സ്പാനിഷ് ട്രഷറിയും ഇരു ഭാഗവും തമ്മിലുള്ള സാമ്പത്തിക കൈമാറ്റങ്ങൾക്ക് റഫറിമാരെ സ്വാധീനിക്കാൻ വേണ്ടി ഉള്ളതിനാണെന്ന് തെളിവില്ലെന്ന് കൈമലർത്തുക കൂടി ചെയ്‌തു. തെളിവുകൾ അനുകൂലമായതോടെ ബാഴ്‌സലോണ അതുവരെ പ്രതിരോധം വിട്ട് പുറത്തു വന്നു. എൽ ക്ലാസിക്കോക്ക് മുൻപ് തന്നെ സ്വയം പ്രതിരോധം മാത്രമല്ല, ഇതിന് പിന്നിലുള്ളവരെ കൊണ്ടു വരുമെന്ന ലപോർടയുടെ വാക്കുകൾ പ്രവൃത്തിയിൽ വരുന്നതാണ് പിന്നീട് കണ്ടത്. മാനനഷ്ടക്കേസുമായി കോടതി കയറാൻ തീരുമാനിച്ച ലപോർടയും സംഘവും ഇന്ന് മാത്രം അഞ്ചു കേസുകൾ സമർപ്പിച്ചതായാണ് മുണ്ടോ ഡിപോർടിവോ സൂചിപ്പിക്കുന്നത്. വ്യാജ വാർത്ത നൽകിയ മാധ്യമപ്രവർത്തകരേയും മീഡിയകളേയും ആണ് ടീം ലക്ഷ്യമിടുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ കേസുകൾ കൊടുക്കും എന്നും ഉറപ്പായിട്ടുണ്ട്. കാര്യങ്ങൾ എല്ലാം വിശദമാക്കിക്കൊണ്ട് പ്രസിഡന്റ് ലപോർടയുടെ ഒരു വാർത്താ സമ്മേളനവും അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാവും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന സൂചന.
എന്നാൽ ഇതിന് തോട്ടു പിറകെയാണ് യുവേഫയുടെ രംഗപ്രവേശനം. കേസിൽ യുവേഫയുടെ ഡിസിപ്ലിനറി റെഗുലേഷനസിന്റെ ആർട്ടിക്കിൽ 31(4) ബാഴ്‌സലോണ ലംഘിച്ചോ എന്ന് പരിശോധിക്കുന്നതിനായി യുവേഫയുടെ എത്തിക്സ് ആൻഡ് ഡിസിപ്ലിനറി ഇൻസ്‌പെക്ഴ്‌സിനെ നിയമിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തു വരുമെന്നും യുവേഫ കൂട്ടിച്ചേർത്തു. നേരത്തെ തന്നെ യുവേഫ, കേസിലെ എല്ലാ വിവരങ്ങളും അവശ്യപ്പെട്ടിരുന്നതായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ആൻഡ്രൂ കാംമ്പ്സ് വെളിപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ഈ വിവരങ്ങൾക്ക് പുറത്താകും കൂടുതൽ അന്വേഷണം നടക്കുക.