മുന്നേറ്റ താരം മാർട്ടിൻ ബ്രാത്വൈറ്റിന്റെ കരാർ ബാഴ്സലോണ റദ്ദാക്കും. താരവും ടീമും പരസ്പരം ധാരണയിൽ ആവും താരത്തിന്റെ നിലവിലെ കരാർ റദ്ദാക്കുക. ഇതിന് മുൻപ് ബ്രാത്വൈറ്റിന് തന്റെ അടുത്ത ക്ലബ്ബ് തേടാൻ സാധിക്കും. ഇതോടെ ഏകദേശം രണ്ടര മില്യൺ തുക മാത്രമേ താരത്തിന് നഷ്ടപരിഹാരമെന്ന രീതിയിൽ ബാഴ്‌സലോണ നൽകേണ്ടി വരികയുള്ളൂ. നേരത്തെ പല ക്ലബ്ബുകളും ഓഫറുകളുമായി വന്നിട്ടും ടീം മാറാൻ ബ്രാത്വൈറ്റ് കൂട്ടാക്കിയിരുന്നില്ല.
നിലവിൽ താരത്തിന്റെ ഏജന്റ് എസ്പാന്യോളിനെ സമീപിച്ചിട്ടുണ്ട് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. എസ്പാന്യോളിനൊപ്പം ചേർന്നാൽ നഗരം വിട്ട് താരത്തിന് പോകേണ്ടി വരില്ല. ഗ്രീസിൽ നിന്നും മുന്നേറ്റ താരത്തിന് ഓഫർ വന്നിട്ടുണ്ടെങ്കിലും പരിഗണിക്കാൻ സാധ്യതയില്ല. ഫ്രീ ഏജന്റ് ആവാതെ എസ്പാന്യോളിലേക്കുള്ള കൈമാറ്റവും അസാധ്യമാണ്. അതിനാൽ തന്നെ ട്രാൻസ്ഫെർ വിൻഡോയുടെ അവസാന ദിനം മാത്രമേ താരവുമായുള്ള കരാർ റദ്ദാക്കാൻ ബാഴ്സലോണയും തുനിയുകയുള്ളൂ.