തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്താൻ ആവാതെ ബാഴ്സലോണ ലാ ലീഗയിൽ ഗെറ്റാഫെയുമായി സമനിലയിൽ പിരിഞ്ഞു. ഗെറ്റാഫെയുടെ തട്ടകത്തിൽ ഇരു കൂട്ടർക്കും ഗോൾ കണ്ടെത്താൻ ആയില്ല. റിലഗേഷനോട് അടുത്തു നിൽക്കുന്ന ഗെറ്റാഫെക്ക് ഫലം സംതൃപ്തി നൽകും. ഇന്നലെ മാഡ്രിഡിന്റെ ജയം നേടിയിരുന്നതിനാൽ ബാഴ്‌സയുടെ ഒന്നാം സ്ഥാനത്തെ ലീഡ് 11 പോയിന്റിലേക്ക് ചുരുങ്ങി. അടുത്തതായി അത്ലറ്റികോ മാഡ്രിഡിനെയാണ് നേരിടാൻ ഉള്ളത് എന്നത് സാവിക്ക് കൂടുതൽ തലവേദന സൃഷ്ടിക്കും.
കഴിഞ്ഞ മത്സരങ്ങളിലെ പോലെ തന്നെ ബാഴ്‌സ മുൻ നിരക്ക് ഒട്ടും തിളങ്ങാൻ ആവാതെയാണ് ആദ്യ പകുതി കടന്ന് പോയത്. റാഫിഞ്ഞയുടെ പോസ്റ്റിൽ ഇടിച്ചു തെറിച്ച ഷോട്ടും റീബൗണ്ടിൽ ബാൾടേയുടെ ഷോട്ട് പോസ്റ്റിന് തൊട്ടിരുമി കടന്നു പോയതും ആയിരുന്നു ആദ്യ പകുതിയിൽ സന്ദർശകരുടെ മികച്ച നീക്കം. ഇടവേളക്ക് തൊട്ടു മുൻപ് ലെവെന്റോവ്സ്കിയുടെ ഹെഡർ ലക്ഷ്യം കണ്ടില്ല. എതിർ ബോക്സിലേക്ക് എത്തുന്നതിന് പോലും ബാഴ്‌സ വിഷമിക്കുന്നതാണ് കണ്ടത്. ഗെറ്റഫെ ആവട്ടെ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ ആയില്ലെങ്കിലും എതിർ പോസ്റ്റിലേക്ക് തുടർച്ചയായ നീകങ്ങൾ നടത്തി. സെർജി റോബർട്ടോ പരിക്കേറ്റ് പുറത്തായതോടെ എറിക് ഗർഷ്യയേയും ആദ്യ പകുതിയിൽ തന്നെ ബാഴ്‌സക്ക് കളത്തിൽ ഇറക്കേണ്ടി വന്നു.
രണ്ടാം പകുതിയിലും കാര്യങ്ങൾക്ക് മാറ്റം ഉണ്ടായില്ല. കെസ്സിയുടെ മികച്ചൊരു ഷോട്ട് കീപ്പർ തടുത്തു. ലെവെന്റോവ്സ്കിയുടെ മറ്റൊരു ഹെഡർ അകന്ന് പോയി. റാഫിഞ്ഞയുടെ ഒരു തകർപ്പൻ ഷോട്ടും കീപ്പർ തടുത്തു. പിന്നീട് മാറ്റങ്ങളുമായി ഫെറാൻ ടോറസും ഫാറ്റിയും കളത്തിൽ എത്തിയിട്ടും ഗോൾ നേടാൻ ബാഴ്‌സ വിയർക്കുന്ന കാഴ്ച്ച തന്നെയാണ് കണ്ടത്. അവസാന മിനിറ്റുകളിൽ ഗെറ്റഫെ കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇടക്കിടെ അവർ നെയ്തെടുത്ത മുന്നേറ്റങ്ങൾ കുണ്ടെയും അറോഹോയും കൃത്യമായി ഇടപെട്ടു തടഞ്ഞു. 87ആം മിനിറ്റിൽ കൗണ്ടറിലൂടെ ലഭിച്ച സുവർണാവസരത്തിൽ ബോർഹ മായോറാൽ തൊടുത്ത ഷോട്ട് പോസ്റ്റിന് ഇഞ്ചുകൾ മാത്രം അകന്ന് കടന്ന് പോയി. ഇഞ്ചുറി ടൈമിൽ ബാഴ്‌സ സമ്മർദ്ദം ശക്തമാക്കി എങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.