യുവതാരങ്ങളായ അലെഹാന്ദ്രോ ബാൾടേ, ഇനാകി പെന്യാ എന്നിവരുമായി ബാഴ്സലോണ നടത്തിവരുന്ന കരാർ പുതുക്കൽ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. ഇരു താരങ്ങളുമായും വരും ആഴ്ചകളിൽ തന്നെ പുതിയ കരാറിൽ ഒപ്പിടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ. അഞ്ചു വർഷത്തെ കരാർ ആയിരിക്കും എന്നാണ് നേരത്തെ ഉണ്ടായിരുന്ന സൂചനകൾ. പതിവ് പോലെ ഉയർന്ന റിലീസ് ക്ലോസും ഉൾപ്പെടുത്തിയേക്കും. ഇരു താരങ്ങളേയും തന്നെയാണ് അതാത് പൊസിഷനുകളിൽ ടീമിന്റെ ഭാവിയായി കണക്കാക്കുന്നത്.
സീസണിൽ സീനിയർ ടീമിനോടോപ്പം ചേർന്ന ബാൾടേ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. ഇതോടെ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് പുതിയ താരത്തെ കൊണ്ടുവരാനുള്ള നീക്കം പോലും ടീം ഉപേക്ഷിച്ച മട്ടാണ്. ബാൾടെയുടെ ഫോമും ആൽബയുടെ പരിചയ സമ്പത്തും ആവുമ്പോൾ തൽക്കാലം ഈ സ്ഥാനത്തേക്ക് പുതിയ താരങ്ങൾ വരില്ല. ഗവിയെ പോലെ തന്നെ ടീമിന്റെ ഭാവി ബാൾടേ തന്നെ ആണെന്ന് ബാഴ്‌സ ഉറപ്പിച്ചു കഴിഞ്ഞു.
ടീമിലെ രണ്ടാം കീപ്പർ ആയി തുടരുന്ന ഇനാകി പെന്യയും പുതിയ കരാറിൽ ഒപ്പിടും. ഇത്തവണ ആകെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചിരുന്നത്. എങ്കിലും കഴിഞ്ഞ സീസണിൽ ഗലറ്റസാരെയിലെ ലോൺ കാലാവധി സ്പാനിഷ് താരത്തിന്റെ മികവ് വിളിച്ചോതുന്നതായിരുന്നു. ബാഴ്‌സ ബി ടീമിന് വേണ്ടിയും അറുപതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.