ഗോൾ വരൾച്ചക്ക് അന്ത്യമിട്ടു കൊണ്ട് ലെവെന്റോവ്സ്കി ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ അലാവസിനെ കീഴടക്കി കൊണ്ട് ബാഴ്‌സ. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സാവിയും സംഘവും വിജയിച്ചത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ജിറോണയുമായുള്ള വ്യത്യാസം നാല് പോയിന്റിലേക്ക് ചുരുക്കാനും ബാഴ്‌സക്കായി. റയൽ മാഡ്രിഡ് തന്നെയാണ് രണ്ടാം സ്ഥാനത്ത്.
സീസണിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് ബാഴ്‌സ ആദ്യ പകുതിയിൽ പുറത്തെടുത്തത്. ചാമ്പ്യൻസ് ലീഗിൽ തോൽവി വഴങ്ങിയ ടീമിൽ നിന്നും സാവി ഏഴോളം മാറ്റങ്ങൾ വരുത്തി എങ്കിലും ടീമിന് താളം കണ്ടെത്താൻ ആയില്ല. മത്സരം ആരംഭിച്ച് വെറും 17ആം സെക്കന്റിൽ ബാഴ്‌സ വലയിൽ പന്തെത്തി. മൈതാനമധ്യത്തിൽ ഗുണ്ടോഗന്റെ പിഴവിൽ നിന്നും കൈക്കലാക്കിയ പന്തിൽ കൗണ്ടർ നീക്കം ആരംഭിച്ച അലാവസിന് വേണ്ടി ഹാവി ലോപസിന്റെ പാസിൽ നിന്നും സാമു ഒമോറോഡിയോൺ ആണ് വല കുലുക്കിയത് പിന്നീടും മൂന്ന് സുവർണാവസരങ്ങൾ ആദ്യ പകുതിയിൽ താരത്തിന് ലഭിച്ചെങ്കിലും ലീഡ് ഉയർത്താൻ സാധിക്കാതെ പോയി. ബാഴ്‌സക്ക് വേണ്ടി ആവട്ടെ ഗുണ്ടോഗന്റെ മികച്ചൊരു പാസിൽ നിന്നും ലെവെന്റോവ്സ്കിയുടെ ശ്രമം കീപ്പർ തടഞ്ഞപ്പോൾ ജാവോ ഫെലിക്സിന്റെ ഷോട്ടും താരം രക്ഷപ്പെടുത്തി. കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ആവാതെ ബാഴ്‌സ നിര ആദ്യ പകുതിയിൽ വലഞ്ഞു. അതേ സമയം പലപ്പോഴായി അലാവസിന് ലഭിച്ച കൗണ്ടർ നീക്കങ്ങൾ ബാഴ്‌സ ഗോൾ മുഖത്ത് അപകടമുയർത്തി.
രണ്ടാം പകുതി ആരംഭിച്ചത് മുതൽ ബാഴ്‌സ കരുത്തറിയിച്ചു തുടങ്ങി. ഇതോടെ അലാവസ് കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 53ആം മിനിറ്റിൽ കുണ്ടെയുടെ മികച്ചൊരു ക്രോസിൽ തകർപ്പൻ ഹെഡർ ഉതിർത്ത് കൊണ്ട് ലെവെന്റോവ്സ്കി ബാഴ്‌സക്ക് സമനില ഗോൾ സമ്മാനിച്ചു. ശേഷം ചില നീക്കങ്ങളുമായി വീണ്ടും ലീഡ് തിരിച്ചു പിടിക്കാൻ സന്ദർശകർ ശ്രമം നടത്തി എങ്കിലും കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിച്ചില്ല. വീണ്ടും പന്ത് കൂടുതൽ കൈവശം വെച്ച് ബാഴ്‌സ മത്സരത്തിലേക്ക് തിരികെ വന്നു. ഒടുവിൽ 78ആം മിനിറ്റിൽ ബാഴ്‌സ ലീഡ് എടുക്കുക തന്നെ ചെയ്തു. ഫെറാൻ ടോറസിനെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ കിക്ക് എടുത്ത ലെവന്റോവ്സ്കിക്ക് ഒട്ടും പിഴച്ചില്ല. ഇഞ്ചുറി ടൈമിൽ അലാവസ് മുന്നെറ്റത്തിൽ കിക്കെയുടെ ഹെഡർ പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. ഇതോടെ ബാഴ്‌സ മത്സരം സ്വന്തമാക്കി.