മെസ്സിയുടെ മികവിൽ ബാഴ്സലോണ വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്നലെ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെതിരെ ആയിരുന്നു ബാഴ്സയുടെ വിജയം. രണ്ട് തവണ പിറകിൽ പോയ ശേഷമാണ് ബാഴ്സലോണ തിരിച്ചടിച്ച് 3-2ന്റെ വിജയം സ്വന്തമാക്കിയത്. ഹാട്രിക്ക് അസിസ്റ്റുകളുമായി മെസ്സി തന്നെയാണ് ഇന്ന് ബാഴ്സലോണയുടെ താരമായി മാറിയത്. ഇന്നലെ ആറാം മിനുട്ടിൽ തന്നെ ബാഴ്സലോണ പിറകിൽ പോയിരുന്നു
ആറാം മിനുട്ടിൽ ഒരു പെനാൾട്ടി ആണ് ബാഴ്സയെ പിറകിലാക്കിയത്. കനാലസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തച്ചത്. പക്ഷെ 9ആം മിനുട്ടിൽ ഡിയോങിലൂടെ സമനില തിരിച്ചുപിടിക്കാൻ ബാഴ്സക്കായി. മെസ്സി ആണ് ആ ഗോൾ ഒരുക്കിയത്. 26ആം മിനുട്ടിൽ നെബിൽ ഫെകിർ വീണ്ടും ബെറ്റിസിനെ മുന്നിൽ എത്തിച്ചു. ഇത്തവണയും മെസ്സി തന്നെ ബെറ്റിസിന്റെ സ്വപനങ്ങൾക്ക് വില്ലനായി എത്തി.
ബുസ്കെറ്റ്സ് ആണ് ബാഴ്സയുടെ രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ലെങ്ലെറ്റിലൂടെ ബാഴ്സലോണ വിജയ ഗോളും നേടി. വിജയ ഗോളിന് പിന്നാലെ ലെങ്ലെ ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയി. ബെറ്റിസ് താരം ഫെകിറും ചുവപ്പ് വാങ്ങി. ഈ വിജയത്തോടെ ബാഴ്സലോണ വീണ്ടും റയലിന് മൂന്ന് പോയന്റ് പിറകിൽ എത്തി.