അടുത്ത വർഷം വരുന്ന ബാഴ്സലോണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് ജോൻ ലപോർട്ട. ബാഴ്സലോണ ക്ലബിന്റെ ഏറ്റവും മികച്ച സമയമായ 2003 മുതൽ 2010 വരെയുള്ള കാലത്ത് ലപോർട്ട ആയിരുന്നു ബാഴ്സലോണയുടെ പ്രസിഡന്റ്. ആ കാലത്തിലേക്ക് ബാഴ്സലോണയെ തിരികെ കൊണ്ടു പോവുകയാണ് തന്റെ ലക്ഷ്യം എന്ന് ലപോർട്ട കഴിഞ്ഞ ദിവസം പറഞ്ഞു.
ഇപ്പോഴുള്ള ബാഴ്സലോണ പ്രസിഡന്റ് ബർതമെയുവിന്റെ കാലാവധി അവസാന മാസങ്ങളിലാണ് ഉള്ളത്. ബാഴ്സലോണ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട പ്രസിഡന്റ് ആയിരുന്നു ലപോർട്ട. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ വാർത്ത ആരാധകർക്ക് സന്തോഷം നൽകും. താൻ ബാഴ്സലോണയിൽ തിരികെ എത്തിയാൽ പെപ് ഗ്വാർഡിയോളയെ പരിശീലകനായി എത്തിക്കുക ആയിരിക്കും തന്റെ ആദ്യ നീക്കം എന്ന് ലപോർട്ട പറഞ്ഞു. സാവിയെ പരിശീലകൻ ആക്കണം എന്ന് എല്ലാവരും പറയുന്നുണ്ട് എങ്കിലും സാവിക്ക് ഇനിയും സമയം വേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.