സമ്പൂർണ്ണ വിജയം; ലീഗ എഫ് കിരീടം ചൂടി ബാഴ്‌സലോണ

Nihal Basheer

സീസണിൽ സമ്പൂർണ്ണ ജയമെന്ന ചരിത്രം കുറിച്ചു കൊണ്ട് ലീഗ് കിരീടം ചൂടി ബാഴ്‌സ വനിതകൾ. ഇന്നലെ നടന്ന മത്സരത്തിൽ സ്പോർട്ടിങ് ഹ്വെൽവയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ബാഴ്‌സ നാല് മത്സരങ്ങൾ ശേഷിക്കെ തന്നെ കിരീടം ഉയർത്തിയത്. ലയ കോഡിന, യാന ഫെർണാണ്ടസ്, ഓഷ്വാല എന്നിവർ ഗോളുകൾ നേടി. ബാഴ്‌സയുടെ തുടർച്ചയായ നാലാമത്തെ ലീഗ് കിരീടമാണിത്. ആകെ എട്ടു തവണ കപ്പ് ഉയർത്താൻ അവർക്ക് സാധിച്ചു. ദീർഘനാൾ പരിക്കേറ്റ് പുറത്തായിരുന്ന സൂപ്പർ താരം അലക്സ്യാ പുത്തെയ്യാസ് കളത്തിലേക്ക് മടങ്ങി വന്നത് ടീമിന് ഇരട്ടി മധുരമായി. സീസണിൽ 108 ഗോളുകൾ എതിർ വലയിൽ നിക്ഷേപിച്ച ടീം ആകെ അഞ്ച് ഗോളുകൾ മാത്രം വഴങ്ങി 103 എന്ന റെക്കോർഡ് ഗോൾ വ്യത്യസത്തിൽ ആണ് നിലവിൽ ഉള്ളത്.

20230501 192830
ലീഗിൽ കളിച്ച ഇരുപത്തിയാറു മത്സരങ്ങളിലും ജയം നേടാൻ ബാഴ്‌സക്കായി. ഇടക്ക് പല താരങ്ങളും പരിക്കിന്റെ പിടിയിൽ ആയെങ്കിലും ടീമിനെ അതൊട്ടും ബാധിച്ചില്ല. കെയ്റ വാൾഷ് അടക്കം വമ്പൻ താരങ്ങളെ എത്തിച്ച് ടീം സീസണിൽ കൂടുതൽ കരുത്താർജിച്ചിരുന്നു. കഴിഞ്ഞ തവണ നഷ്ടമായ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ഇനി ടീമിന് മുന്നിലുള്ള ലക്ഷ്യം. ചുമതല ഏറ്റെടുത്ത ശേഷം തുടർ ലീഗ് കിരീടങ്ങൾ നേടാനായത് കോച്ച് ഹിറാൾഡസിനും നേട്ടമായി. സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ കൂടി ജയം നേടി ചരിത്രം കുറിക്കാൻ ആവും ഇനി ടീമിന്റെ ഉന്നം. ഹ്വെൽവേയുമായുള്ള മത്സര ശേഷം ടീം കിരീടം ഉയർത്തി. ലീഗിലെ രണ്ടാം സ്ഥാനം റയൽ മാഡ്രിഡും ഭദ്രമാക്കിയിട്ടുണ്ട്.