സീനിയർ ടീം അരങ്ങേറ്റം അവിസ്മരണീയമാക്കിയ പതിനെഴുകാരനായ മുന്നേറ്റ താരം മാർക് ഗ്യൂ നേടിയ ഏക ഗോളിന്റെ ബലത്തിൽ അത്ലറ്റിക് ക്ലബ്ബിനെ വീഴ്ത്തി ബാഴ്സലോണ. ഭൂരിഭാഗം സമയവും ഗോൾരഹിതമായ മത്സരത്തിൽ പത്തു മിനിറ്റോളം ശേഷിക്കേ താരം ഗോൾ കണ്ടെത്തുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിനും ജിറോണക്കും തൊട്ടു പിറകിൽ മൂന്നാം സ്ഥാനത്ത് എത്താനും ബാഴ്സക്കായി. അത്ലറ്റിക് ക്ലബ്ബ് അഞ്ചാമത് തുടരുകയാണ്. ഇതോടെ അടുത്ത വാരം നടക്കുന്ന എൽ ക്ലാസിക്കോയും നിർണായകമായി.
ലെവെന്റോവ്സ്കിയുടെ അഭാവത്തിൽ ജാവോ ഫെലിക്സിനെ മുൻ നിർത്തിയാണ് ബാഴ്സ കളത്തിൽ എത്തിയത്. ഇരു ഭാഗത്തും ഗോൾ നേടാൻ അവസരങ്ങൾ പിറന്നെങ്കിലും കീപ്പർമാരുടെ മികവിൽ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. തുടക്കത്തിൽ ഇനാകി വില്യംസിന്റെ ഷോട്ട് കൈക്കലാക്കിയ റ്റെർ സ്റ്റഗൻ താരത്തിന്റെ മറ്റൊരു തകർപ്പൻ ശ്രമം പോസ്റ്റിന് മുകളിലൂടെ തട്ടിയിട്ടു. ബാൾടെയുടെ പാസിൽ ബോക്സിനുള്ളിൽ നിന്നും ഫെർമിന്റെ ഷോട്ട് ഉനയ് സൈമൺ തടുത്തു. ജാവോ ഫെലിക്സിന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ടു തെറിച്ചു. തന്റെ മുൻ ക്ലബ്ബിനെതിരെ ആദ്യ ഇലവനിൽ എത്തിയ ഇനിഗോ മാർട്ടിനസും നിർണായ ബ്ലോക്കുകൾ നടത്തി. ഇടവേളക്ക് മുൻപായി നിക്കോ വില്യംസിന്റെ ശ്രമം തടഞ്ഞ് റ്റെർ സ്റ്റഗൻ ബാഴ്സയുടെ രക്ഷകനായി.
രണ്ടാം പകുതിയിൽ ബാഴ്സ കൂടുതൽ ലക്ഷ്യ ബോധം കാണിച്ചു. എങ്കിലും ഗോൾ കണ്ടെത്താൻ വിഷമിച്ചു. ഫെലിക്സിന്റെ ശ്രമം തടഞ്ഞ ഉനയ്, പിറകെ ഫെർമിനും അവസരം നൽക്കാതെ പന്ത് തട്ടിയകറ്റി. ഫെലിക്സ് ഒരുക്കിയ മികച്ചൊരു അവസരത്തിൽ ലമീന്റെ ഷോട്ട് ഇഞ്ചുകൾ അകന്ന് പോയി. കാൻസലോയുടെ ഷോട്ട് ഉനയ് തട്ടിയകറ്റി. അത്ലറ്റികിന് ആദ്യ പകുതിയിലെന്ന പോലെ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. പിന്നീട് പകരക്കാരനായി എത്തിയ മാർക് ഗ്യൂ മത്സരം മാറ്റി മറിച്ചു. കളത്തിൽ ഇറങ്ങി ലഭിച്ച ആദ്യ അവസരം തന്നെ താരം മുതലെടുത്തു. ജാവോ ഫെലിക്സിന്റെ ത്രൂ ബോളുമായി ബോസ്കിലേക്ക് കയറിയ താരം തന്റെ അരങ്ങേറ്റത്തിലെ ആദ്യ മുന്നേറ്റത്തിൽ തന്നെ വല കുലുക്കി. 79ആം മിനിറ്റിലാണ് ഗോൾ പിറന്നത്. പിന്നീട് ലമീന്റെ ക്രോസിൽ നിന്നും ഫെലിക്സിന്റെ ഹെഡർ കീപ്പർ തട്ടിയകറ്റി. പിന്നീട് ഇരു ഭാഗത്തും അവസരങ്ങൾ പിറക്കാതെ പോയതോടെ മത്സരം ബാഴ്സ സ്വന്തമാക്കി.