ലാ ലീഗ കിരീടം സ്വപ്നം കാണുന്ന ബാഴ്സലോണക്ക് അത്ലറ്റികോ മാഡ്രിഡിന് മുകളിൽ നിർണയക ജയം. ഇന്ന് നടന്ന മത്സരത്തിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് ബാഴ്സ ജയം നേടിയത്. കഴിഞ്ഞ തുടർച്ചയായ മത്സരങ്ങളിൽ പോയിന്റ് നഷ്ടപ്പെടുത്തിയ ബാഴ്സക്ക് മൂന്നാം സ്ഥാനക്കാർക്കെതിരെ നേടിയ ജയം ആത്മവിശ്വാസം നൽകും. എന്നാൽ തോൽവി അത്ലറ്റികോ മാഡ്രിഡിന് രണ്ടാം സ്ഥാനക്കാരായ റയലുമായുള്ള അകലം അഞ്ചായി വർധിപ്പിച്ചു. ഇതോടെ ഒന്നാം സ്ഥാനത്ത് 11 പോയിന്റ് ലീഡ് തിരിച്ചു പിടിക്കാനും ബാഴ്സക്കായി.
പരിക്ക് ഭേദമായ ഫ്രാങ്കി ഡിയോങ്ങിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ബാഴ്സ കളത്തിൽ ഇറങ്ങിയത്. ഇതോടെ കഴിഞ്ഞ മത്സരങ്ങളിൽ പൂർണമായും ചിത്രത്തിൽ ഇല്ലാതിരുന്ന മധ്യനിര വീണ്ടും താളം കണ്ടെത്തി. പതിവ് പോലെ ബാഴ്സ പന്തിന്മേലുള്ള ആധിപത്യം നിലനിർത്തിയപ്പോൾ പ്രത്യാക്രമണങ്ങൾക്ക് ഒരുങ്ങി തന്നെ ആയിരുന്നു സിമിയോണി ടീമിനെ ഇറക്കിയത്. വളരെ കുറഞ്ഞ അവസരങ്ങളിൽ ആയിരുന്നെങ്കിലും അത്ലറ്റികോ മുന്നേറ്റങ്ങൾ ആയിരുന്നു കൂടുതൽ അപകടകരം. ഒന്നാം മിനിറ്റിൽ തന്നെ ഗ്രീസ്മാന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ട് തെറിച്ചു. ബോക്സിനുള്ളിൽ നിന്നും ലെവെന്റോവ്സ്കിയുടെ ശ്രമവും ഫലം കണ്ടില്ല. പിന്നീട് ഗ്രീസ്മാന്റെ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുള്ള ഷോട്ട് റ്റെർ സ്റ്റഗൻ തടഞ്ഞിട്ടു. ഇരു പ്രതിരോധവും മികച്ച പ്രകടനം നടത്തി വരുന്നതിനിടെ ഇടവേളക്ക് തൊട്ടു മുൻപ് ബാഴ്സയുടെ ഗോൾ എത്തി. പിറകിൽ നിന്നും ഉയർത്തി നൽകിയ ബോൾ നിയന്ത്രിച്ച റാഫിഞ്ഞ, ഒന്ന് വെട്ടിയൊഴിഞ്ഞ ശേഷം ബോക്സിന് മുന്നിൽ ഫെറാൻ ടോറസിന് നൽകി. താരം എതിർ പ്രതിരോധത്തെ കബളിപ്പിച്ച് മികച്ച അവസരം ഒരുക്കിയ ശേഷം തൊടുത്ത ഷോട്ട് അനായാസം ഒബ്ലാക്കിനെ മറികടന്നു.
രണ്ടാം പകുതിയിൽ ഇരു ഭാഗത്തും നിരവധി അവസരങ്ങൾ പിറന്നു. ഗവിയുടെ ഷോട്ട് പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയപ്പോൾ മൊറാട നൽകിയ അവസരത്തിൽ ബോക്സിനുള്ളിൽ നിന്നും ഗ്രീസ്മാന്റെ ഫസ്റ്റ് ടൈം ഷോട്ട് കീപ്പർക്ക് നേരെ ആയി. പലപ്പോഴും എതിർ മുന്നേറ്റം തടയാൻ പരുക്കൻ അടവുകൾ പിറന്നപ്പോൾ റഫറിക്ക് നിരവധി തവണ മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു. ലെവെന്റോവ്സ്കി നൽകിയ പാസ് പോസിറ്റിന് തൊട്ടു മുൻപിൽ വെച്ചു റാഫിഞ്ഞക്ക് നിയന്ത്രണത്തിൽ ആക്കാൻ സാധിക്കുന്നതിന് മുൻപേ താരത്തിന്റെ ദേഹത്ത് തട്ടി ഒബ്ലാക്കിന്റെ കൈകളിൽ വിശ്രമിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നിൽ കൗണ്ടർ അറ്റാക്കിലൂടെ എത്തിയ നീക്കം ബോക്സും വിട്ടിറങ്ങിയ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലെവെന്റോവ്സ്കിക്ക് ലക്ഷ്യത്തിൽ എത്തിക്കാനായില്ല. അവസാന നിമിഷങ്ങളിൽ അത്ലറ്റികോ പൂർണ്ണമായും ആക്രമണത്തിൽ തന്നെ ശ്രദ്ധ കേന്ദ്രികരിച്ചെങ്കിലും ഗോൾ ഒന്നും പിറക്കാതെ പോയതോടെ ബാഴ്സ വിജയം നേടി.