ട്രാൻസ്ഫർ ജാലകം തുറക്കുന്ന നേരങ്ങളിൽ കാല്പന്ത് കളിയുടെ ആരാധകർ നോട്ടിഫിക്കേഷൻ ഇട്ട് ഫോള്ളോ ചെയുന്ന ഒരു അക്കൗണ്ട് ഉണ്ട്, 28കാരൻ ഫാബ്രിസിയോ റോമാനോ. അദ്ധേഹത്തിന്റെ “ഹിയർ വീ ഗോ” ടാഗ് ലൈൻ കണ്ടാൽ ഉറപ്പിക്കാം, ഡീൽ നടന്നു എന്ന്. അതാത് ക്ലബ്ബുകൾ ഔദ്യോഗികമായി തങ്ങളുടെ ഡീലുകൾ പുറത്തു വിടുന്നതിനു മുന്നേ തന്നെ ഈ ഇറ്റലിക്കാരൻ അത് വിളംബരം ചെയ്യും. എന്നാൽ ട്രാൻസ്ഫർ ജാലകം തുറന്നാലും അധികം എക്സൈറ്റ്മെന്റ് ഒന്നുമില്ലാത്ത ഒരു കൂട്ടം ഫാൻസിനെ നമുക്ക് നോക്കാം. സ്പെയിനിലെ ഒന്നാം ഡിവിഷനായ ലാ ലീഗയിലെ അത്ലറ്റിക്ക് ബിൽബാവോയുടെ ആരാധകരാണ് അവർ. വിശദമായി നോക്കാം.
റൊണാൾഡോ, മെസ്സി, ഹാലാൻഡ്, നെയ്മർ, സാല, കെയ്ൻ എന്നീ താരങ്ങൾ ക്ലബിലേക് വരാൻ തയ്യാറാണെന്ന് പറഞ്ഞാൽ പോലും ഈ ക്ലബ്ബിന്റെ ആരാധകർക്ക് യാതൊരു സന്തോഷവും കാണില്ല. അവർക്ക് നന്നായി അറിയാം, അവരുടെ ക്ലബ്ബിന്റെ ട്രാൻസ്ഫർ നയം അനുസരിച്ചു ഈ പറഞ്ഞ ലോകോത്തര താരങ്ങളെ ഒന്നും ബിൽബാവോ സൈൻ ചെയ്യില്ല എന്ന്. ബിൽബാവോയുടെ അലിഖിത നയം ആണ് – ബാസ്ക് ഒറിജിൻ ഉള്ള താരങ്ങളെ മാത്രമേ തങ്ങൾ ടീമിലെടുക്കൂ എന്നത്. വടക്കൻ സ്പെയിനിലെ ഒരു ഓട്ടോണോമസ് കമ്മ്യൂണിറ്റി ആണ് ബാസ്ക് കൺട്രി. അവരുടെ ഏറ്റവും വല്യ നഗരം ബിസ്ക്കെ പ്രവിശ്യയിലെ ബിൽബാവോ തന്നെ. ബാസ്ക് രാജ്യത്തിൽ ജനിച്ചവരേയോ , അല്ലെങ്കിൽ അവിടെ കളി പഠിച്ചവരേയോ ആണ് ക്ലബ് സൈൻ ചെയാറുള്ളത്. പ്രാദേശിക താരങ്ങളെ ചെത്തിമിനുക്കി വളർത്തി എടുക്കുന്നതിനു പ്രശംസ നേടിയിട്ടുണ്ടെങ്കിലും, ഈ നയം വിവേചനപരമാണെന്നുള്ള വിമർശനങ്ങളും ഉയർന്ന് വന്നിട്ടുണ്ട്. വർഷങ്ങളോളം ടീമിൽ കറുത്ത വംശജർ ആരും തന്നെ ഉണ്ടായിരുന്നില്ല, ഘാനിയൻ വംശജരായ ദമ്പതികളുടെ മകൻ ഇന്യാക്കി വില്യംസ് 2014 ഇല് ജേഴ്സി അണിയുന്നത് വരെ. ഇന്യാക്കിയുടെ ഇളയ സഹോദരൻ നിക്കോയും നിലവിൽ മെയിൻ ടീമിന്റെ ഭാഗമാണ്.
1898ഇല് പിറവിയെടുത്ത ക്ലബ് തങ്ങളുടെ ഈ ബാസ്ക് നയം 1912ഇലാണ് തുടങ്ങിയത്. രാജ്യത്തെ പ്രമുഖ ക്ലബ്ബുകളായ റയൽ മാഡ്രിടും ബാർസിലോണയും മറ്റും മികച്ച ഫോറിൻ താരങ്ങളെ തട്ടകത്തിലേക് കൊണ്ടുവന്നപ്പോളും ലോക്കൽ “ഹോം-ഗ്രോൺ” താരങ്ങളോടായിരുന്നു ഇവർക്ക് പ്രിയം. ഫോറിൻ താരങ്ങളെ എത്തിക്കാനുള്ള പണക്കൊഴുപ്പ് ഇല്ലാത്തതും ഒരു കാരണം ആയിരുന്നു. ലോക്കൽ താരങ്ങളെ വെച്ചു കപ്പ് നേടിത്തുടങ്ങിയ ശേഷം അവർ ബാസ്ക് നയം പിന്തുടർന്നു.
തുടക്കത്തിൽ അവരുടെ നയം ഒന്നൂടി കടുത്തതായിരുന്നു. ക്ലബിന് വേണ്ടി കുപ്പായം അണിയണമെങ്കിൽ ബാസ്ക് രാജ്യത്ത് ജനിച്ച താരം ആയിരിക്കണം. പിന്നീട് നയം അവരല്പം മയപ്പെടുത്തി എന്ന് തന്നെ പറയാം.ബാസ്ക് രാജ്യം എന്നത് മൂന്നു പ്രവിശ്യകൾ അടങ്ങിയതാണ്. അതിലെ വിസ്കായയിൽ ജനിച്ചവർ ആയിരുന്നു ആദ്യകാലങ്ങളിൽ ബൂട്ടണിഞ്ഞവർ. പിന്നീട് നയത്തിന്റെ കടുപ്പം കുറഞ്ഞ ശേഷം ബാക്കി രണ്ട് പ്രവിശ്യയിലെ താരങ്ങൾക് കൂടി അവസരം ലഭിച്ചു. നവാര കമ്മ്യൂണിറ്റി, ഫ്രാൻസിലെ മൂന്നു ബാസ്ക് പ്രവിശ്യകൾ എന്നീ സ്ഥലത്തെ കളിക്കാരെ കൂടി ക്ലബ് ടീമിലേക്ക് എടുത്തു തുടങ്ങി.
2011 ഇലാണ് ആദ്യമായി ഒരു കറുത്ത വംശജൻ ക്ലബിന് വേണ്ടി കളത്തിൽ ഇറങ്ങിയത്. ജോനാസ് റമാലോ എന്ന ഡിഫൻഡർ ആയിരുന്നു അത്. അദേഹത്തിന്റെ അമ്മ ബാസ്ക്ക് ഒറിജിൻ ഉള്ള വനിത, അച്ഛൻ അങ്കോളൻ വംശജൻ. ക്ലബ്ബിന്റെ ഒരു കൂട്ടം ആരാധർക്ക് ഇതത്ര ദഹിച്ചതുമില്ല. എന്നാൽ ഇന്യാക്കി ജനിച്ചതും വളർന്നതും വിദ്യാഭ്യാസം നേടിയതുമെല്ലാം ബാസ്കിൽ ആണ്. അയാൾക് ഭാഷയും നല്ലപോലെ വഴങ്ങും. അതുകൊണ്ട് തന്നെ ടെക്നിക്കലി ക്ലബ്ബിന്റെ കുപ്പായം അണിയാൻ ഇന്യാക്കിയും നിക്കോയും യോഗ്യരാണ്. സൈനിങ്സ് നോക്കിയാൽ ഇനീഗോ മാർട്ടീനെസ്, യൂറി എന്നിവരാണ് 10 മില്യൺ മേലെ തുക മുടക്കി ക്ലബ് തട്ടകത്തിൽ എത്തിച്ച രണ്ടേ രണ്ട് താരങ്ങൾ. ഇതിൽ തന്നെ യൂറി ഇവരുടെ മുൻ അക്കാദമി ട്രെയിനീ കൂടി ആയിരുന്നു.
പിന്നെ കണ്ട ഒരു എക്സെപ്‌ഷൻ അയ്‌മറിക്ക് ലപോർട്ടെയുടെ കാര്യമാണ്. ബാസ്ക് രാജ്യത്ത് ജനിക്കാത്ത, അവിടെ താമസിക്കാത്ത അയ്‌മറിക്കിന് ബാസ്ക്കായി ആകെ ഉള്ള ബന്ധം മുതു മുത്തച്ഛൻ വഴി ആയിരുന്നു. ഇത്രയൊക്കെ കടുപ്പൻ നയങ്ങൾ ആണെങ്കിൽ കൂടി ക്ലബിന് എടുത്തു കാണിക്കാൻ ഒരുപാട് റെക്കോർഡുകൾ ഉണ്ട്. ഒന്നാം ഡിവിഷനിൽ നിന്ന് ഒരിക്കലും പോലും ക്ലബ് തരം താണ് പോയിട്ടില്ല. എട്ട് തവണ ആണ് ലീഗ് ടൈറ്റിൽ ക്ലബ് നേടിയത്. രാജ്യത്തിന്റെ കപ്പ് കോമ്പറ്റിഷനായ കോപ്പ ഡെൽ റെ 23 വട്ടവും, സൂപ്പർ കോപ്പ 3 തവണയും ഈ ബാസ്ക് ക്ലബ് സ്വന്തമാക്കി.
വില്യംസ് സഹോദരൻമാരുടെ വരവോടെ കൂടുതൽ കറുത്ത വംശജർ ക്ലബിന് വേണ്ടി കളിക്കുമോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാൻ ആവില്ല. ബാസ്ക്ക് ഐഡന്റിറ്റി എന്നാൽ വെള്ളക്കാർ മാത്രമാണ് എന്ന സ്റ്റീരിയോടൈപ്പിനെ ചെറുതായി ഒന്ന് കോട്ടം തട്ടിച്ചതായിരുന്നു വില്യംസ് സഹോദരന്മാരുടെ ഉയർച്ച.