ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ കേരള സൂപ്പർ ലീഗ് വരുന്നു എന്ന പ്രതീക്ഷയിൽ കേരള ഫുട്ബോൾ പ്രേമികൾ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. എന്നാൽ ഇതുവരെ ടീമുകൾ ഏതൊക്കെ ആണെന്നോ ബിഡുകൾ ലഭിച്ചോ എന്നോ ഉള്ള കാര്യങ്ങൾ കെ എഫ് എയോ സോക്കർ ലൈനോ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ കെ എഫ് എയുടെ പുതിയ പ്രസിഡന്റ് നവാസ് മീരാൻ ഈ കാര്യത്തിൽ ഒരു അപ്ഡേറ്റ് നൽകി. ഇന്നലെ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ കെ എസ് എൽ ഈ വർഷം അവസാനമോ അടുത്ത വർഷം തുടക്കത്തിലോ നടക്കുമെന്ന് അദ്ദേഹം സൂചന നൽകി.
നല്ല സമയത്ത് ഞങ്ങൾ കെ എസ് എൽ ആരംഭിക്കും. അനുയോജ്യമായ ഒരു സ്ലോട്ടിനാണ് ഞങ്ങൾ നോക്കുന്നത്. നീണ്ട ഒരു ലീഗല്ല തുടക്കത്തിൽ ഞങ്ങൾ ആലോചിക്കുന്നത്. 40 ദിവസത്തെയോ രണ്ട് മാസത്തെയോ ഒരു വിൻഡോ ലഭിച്ചാൽ ലീഗ് നടത്തും. നവാസ് മീരാൻ ദി ഹിന്ദുവിനോട് പറഞ്ഞു.
എട്ട് പ്രൊഫെഷണല്‍ ഫുട്‌ബോള്‍ ടീമുകളാകും പ്രഥമ കെഎസ്എല്ലിന്റെ ഭാഗമാവുക. കേരള മുഖ്യമന്ത്രി പിണറായി രണ്ട് മാസം മുമ്പ് കെ എസ് എല്ലിന്റെ ഔദ്യോഗിക ലോഞ്ച് നടത്തിയിരുന്നു. എല്ലാ വര്‍ഷവും നവംബറില്‍ ആകും കെ എസ് എൽ നടക്കുക എന്നായിരുന്നു അധികൃതർ അന്ന് അറിയിച്ചത്.
കേരളത്തിലെ നാല് വേദികളിലായാകും കെ എസ് എൽ നടക്കുക. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും ടീമുകള്‍ എന്നാണ് സൂചന. മലപ്പുറത്ത് നിന്ന് രണ്ടു ടീമുകൾ ഉണ്ടാകും. എന്നാൽ കൂടുതൽ വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ല.