ടോണി ക്രൂസ് ഇനി ജർമ്മൻ ജേഴ്സിയിൽ ഇല്ല, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

20210702 174933
Credit: Twitter

ജർമ്മൻ മധ്യനിര താരം ടോണി ക്രൂസ് ദേശീയ ടീമിൽ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര ഫുട്ബോളിൽ ഇനി താരം ഉണ്ടാകില്ല. യൂറോ കപ്പിലെ ജർമ്മനിയുടെ നിരാശജനകമായ പ്രകടനത്തിനു പിന്നാലെയാണ് ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2014 ലോകകപ്പ് ജേതാവായ മിഡ്ഫീൽഡർ ടോണി ക്രൂസ് ജർമ്മനിക്കായി 106 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 31കാരനായ താരം ക്ലബ് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നത് എന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ പറഞ്ഞു.

ജർമ്മനിക്കായി 106 മത്സരങ്ങൾ കളിച്ച താരം 17 ഗോളുകളും 18 അസിസ്റ്റും രാജ്യത്തിന് സംഭാവന നൽകിയിട്ടുണ്ട്. യൂറോ കപ്പിന് മുമ്പ് തന്നെ വിരമിക്കാൻ തീരുമാനിച്ചിരുന്നു എന്ന് ക്രൂസ് പറഞ്ഞു.

“ടൂർണമെന്റിൽ എന്ത് സംഭവിക്കുമെന്നത് പരിഗണിക്കാതെ, യൂറോ ആരംഭിക്കുന്നതിനുമുമ്പുതന്നെ വിരമിക്കാനുള്ള എന്റെ തീരുമാനം എടുത്തിരുന്നു. വികാരങ്ങളുടെ സ്വാധീനം കൊണ്ട് മാത്രം ഞാൻ ഒരിക്കലും തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് എന്നെ അറിയുന്ന ആർക്കും അറിയാം.” ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു

Previous articleആഷസിന് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ടി20 ലോകകപ്പിൽ നിന്ന് വിട്ട് നില്‍ക്കുവാനും തയ്യാര്‍ – സ്റ്റീവ് സ്മിത്ത്
Next articleഇന്ത്യന്‍ പോരാട്ടത്തിൽ വിജയം നേടി സാനിയ – ബൊപ്പണ്ണ സഖ്യം