മലപ്പുറം: അടുത്ത സീസൺ ഐ-ലീഗ് ഫുട്ബോളിനിറങ്ങുന്ന കോവളം എഫ്.സി ടീമിലേക്ക് മലപ്പുറം ജില്ലയിൽ നിന്നുള്ള കരുത്തരായ അഞ്ച് യുവ താരങ്ങളെ തെരെഞ്ഞെടുത്തു. മോങ്ങം തുപ്പനച്ചിൽ നിന്നുള്ള എ.കെ.നഹാസ്, പെരിന്തൽമണ്ണ പട്ടിക്കാട് നിന്നുള്ള ആശിഖ്, പരപ്പനങ്ങാടിക്കാരൻ ജുനൈദ്, തിരൂർ സ്വദേശികളായ ജവാസിൻ, ഷമീർ എന്നിവരാണ് എഫ്.സി കോവളത്തിനായി ഐ – ലീഗ് സെക്കന്റ് ഡിവിഷൻ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ടൂർണ്ണമെന്റുകളിൽ ബൂട്ടുകെട്ടാൻ പോകുന്ന മലപ്പുറം ജില്ലക്കാർ,
മെയ് ആദ്യ വാരം മുതൽ കോവളത്ത് വച്ച് നടന്ന സെലക്ഷൻ ക്യാമ്പിനൊടുവിലാണ് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ അഞ്ച് പ്രതിഭാധനരായ കളിക്കാരെ മുൻ ദേശീയ താരം ടൈറ്റാനിയം എബിൻ റോസിന്റെ നേതൃത്വത്തിൽ എഫ്.സി കോവളത്തിന്റെ വിദഗ്ദ്ധ പരിശീലക സംഘം അടുത്ത വർഷത്തേക്കുള്ള തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവരിൽ നഹാസും ആശിഖും ഒഴികെ മറ്റു മൂന്നു പേരും തികച്ചും പ്രദേശിക ക്ലബ്ബുകൾക്ക് വേണ്ടി മാത്രം കളിച്ചിട്ടുള്ളവരാണ്.
ഇരുപത്തിയൊന്നുകാരനായ എ. കെ നഹാസ് കഴിഞ്ഞ നാല് വർഷങ്ങളായി മൊറയൂർ അരിമ്പ്രയിലെ മിഷൻ സോക്കർ അക്കാദമിയിൽ പരിശീലനം നടത്തി വരുന്നതോടൊപ്പം അക്കാദമിയിലെ മറ്റു കളിക്കാരോടൊന്നിച്ച് കോഴിക്കോട് ബി.എസ്.എൻ.എൽ. ഏറനാട് ഫൈറ്റേഴ്സ് ക്ലബ്ബ് മഞ്ചേരി, റോയൽ എഫ്.സി മഞ്ചേരി എന്നീ ടീമുൾക്ക് വേണ്ടി ജില്ലാ ലീഗുകളിലും കോയമ്പത്തൂർ ഭാരതിയാർ യൂണി വേഴ്സിറ്റിയ്ക്ക് വേണ്ടി യുണിവേഴ്സിറ്റി ഫുട്ബോളിലും സ്ട്രൈക്കർ പൊസിഷനിൽ തിളങ്ങിയിട്ടുള്ള താരമാണ്, തന്റെ അതി വേഗതയും സ്കോറിങ് കപ്പാസിറ്റിയുമാണ് നഹാസിനെ ഇതാദ്യമായി ഒരു പ്രൊഫഷണൽ ക്ലബ്ബിലെത്തിച്ചിട്ടുള്ളത്.
പെരിന്തൽമണ്ണ പട്ടിക്കാട്ടു കാരനായ ആശിഖിന് പ്രദേശിക ക്ലബ്ബുകളിലേതിന് പുറമെ കഴിഞ്ഞ വർഷം ഗോവയിൽ നടന്ന ദേശീയ നൈൻ എ സൈഡ് ഫുട്ബോളിൽ കേരളത്തിന്റെ പ്രതിരോധ നിരക്കാരനായി കളിച്ച പരിചയം കൂടിയുണ്ട്,
മറ്റു മൂന്നു പേരിൽ പരപ്പനങ്ങാടിയിൽ നിന്നുള്ള ജുനൈദും തിരൂരിൽ നിന്നുള്ള ജവാസിനും മിഡ് ഫീൽഡേഴ്സും തിരൂരിൽ നിന്നു തന്നെയുള്ള ഷമീർ സ്ട്രൈക്കറുമാണ്.