നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം കളത്തിൽ ഇറങ്ങുന്ന ടൂർണമെന്റായ കിങ്സ് കപ്പിലെ ഇന്ത്യയുടെ എതിരാളികൾ തീരുമാനമായി. ഇന്ന് തായ്ലാന്റിൽ നടന്ന നറുക്കിലാണ് ഇന്ത്യ ആർക്കെതിരെ ആകും കളിക്കുക എന്ന് തീരുമാനമായത്. കുഞ്ഞൻ രാജ്യമായ കുറസാവോ ആയിരിക്കും കിംഗ്സ് കപ്പിലെ ഇന്ത്യയുടെ എതിരാളികൾ. ബുറിറാമിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ നാലു രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
ഇന്ത്യ കുറസാവോയെ നേരിടുമ്പോൾ മറ്റൊരു മത്സരത്തിൽ തായ്‌ലാന്റ് വിയറ്റ്നാമിനെ നേരിടും. ഇന്ത്യയുടെ മത്സരം ജൂൺ 5നാണ്. വിയറ്റ്നാം തായ്‌ലാന്റ് മത്സരവും അന്ന് തന്നെ നടക്കും. ഇരു മത്സരത്തിലെയും വിജയികൾ കിരീടത്തിനായി ഏറ്റുമുട്ടും. പരാജയപ്പെടുന്നവർ മൂന്നാം സ്ഥാനത്തിനായും കളിക്കും. ഇപ്പോൾ ഫിഫാ റാങ്കിംഗിൽ 82ആം സ്ഥാനത്താണ് കുറസാവോ ഉള്ളത്.
ഏഷ്യൻ കപ്പിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടൂർണമെന്റ് ആകും ഇത്. ഇപ്പോൾ പരിശീലകനില്ലാത്ത ഇന്ത്യ പുതിയ പരിശീലകനെ ഉടൻ നിയമിക്കും എന്നാണ് കരുതുന്നത്.