ഇംഗ്ലണ്ടിലെ മികച്ച പുരുഷ താരമായി ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്ൻ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാമത്തെ വർഷമാണ് ഹാരി കെയ്ൻ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. റഷ്യൻ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ കുതിപ്പിന് പിന്നിൽ ഹാരി കെയ്‌നിന്റെ പ്രകടനമാണ് കെയ്‌നിനെ അവാർഡിന് അർഹനാക്കിയത്. ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. ആറ് ഗോളുകളാണ് റഷ്യൻ ലോകകപ്പിൽ ഹാരി കെയ്ൻ നേടിയത്.
യുവേഫ നേഷൻസ് ലീഗിലും ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ൻ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. യുവേഫ നേഷൻസ് ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും കെയ്ൻ നേടിയിരുന്നു. എവർട്ടൺ യുവ താരം കാൽവെർട് ലെവിൻ ആണ് ഇംഗ്ലണ്ടിലെ മികച്ച അണ്ടർ 21 താരം. യുവേഫ അണ്ടർ 21 ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നതിൽ കാൽവെർട് പുറത്തെടുത്ത പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. അണ്ടർ 21 ടീമിന് വേണ്ടി 7 മത്സരങ്ങൾ കളിച്ച കാൽവെർട് അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്.