കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂരിനും ആലപ്പുഴയ്ക്കും ജയം. രാവിലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പാലക്കാടിനെയാണ് കണ്ണൂര്‍ തോല്‍പിച്ചത്.

26ാം മിനിറ്റില്‍ പി.കെ ആകാശ് കണ്ണൂരിനെ മുന്നിലെത്തിച്ചു രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ എം.വി ശ്രീവിഷ്ണു നേടിയ ഗോളില്‍ ടീം വിജയം ഉറപ്പാക്കി. വൈകിട്ട് നടന്ന മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ (3-2) ആതിഥേയരായ എറണാകുളത്തെയാണ് ആലപ്പുഴ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചു (1-1).
ആലപ്പുഴക്കായി കെ.പി അതീന്ദ്രനും (20), എറണാകുളത്തിനായി ക്യാപ്റ്റന്‍ കാല്‍വിന്‍ തോമസും (82) സ്‌കോര്‍ ചെയ്തു. ഷൂട്ടൗട്ടില്‍ എറണാകുളത്തിന്റെ മൂന്ന് ഷോട്ടുകളാണ് ഗോള്‍കീപ്പര്‍ പാര്‍ഥീവ് കെ.എം തടഞ്ഞിട്ടത്. ആലപ്പുഴക്കായി ഷിബിന്‍ പി, അബു അന്‍ഫാല്‍ അമീന്‍, ഷാല്‍ബിന്‍ ബെന്നി എന്നിവര്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. ഫഹദ് അലിയാര്‍, അബ്ദുല്ല കെ.എസ് എന്നിവര്‍ക്ക് മാത്രമാണ് ആതിഥേയര്‍ക്കായി വലകുലുക്കാനായത്.
ജയത്തോടെ കണ്ണൂരും ആലപ്പുഴയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇന്ന് വൈകിട്ട് 3.45നാണ് ഇരുടീമുകളും തമ്മിലുള്ള മത്സരം. ഇന്ന് രാവിലെ 7.30ന് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ തിരുവനന്തപുരം ഇടുക്കിയെ നേരിടും. വിജയികള്‍ ആലപ്പുഴ-കണ്ണൂര്‍ മത്സരവിജയികളുമായി സെമിഫൈനലില്‍ മത്സരിക്കും. 19ന് വൈകിട്ട് 3.45ന് നടക്കുന്ന ആദ്യസെമിഫൈനലില്‍ കോട്ടയം തൃശൂരിനെ നേരിടും. 21നാണ് ഫൈനല്‍ മത്സരം.