ഒഡീഷയിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് മാരക തിരിച്ചുവരവ്. മഹാരാഷ്ട്രക്ക് എതിരെ 4-1ന് പിറകിൽ നിന്ന ശേഷം മാരക തിരിച്ചുവരവ് നടത്താൻ കേരളത്തിനായി. 4-4 എന്ന സമനിലയാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിന്റെ സെമി ഫൈനൽ പ്രതീക്ഷക്ക് ഈ സമനില തിരിച്ചടി ആണെങ്കിലും കേരളത്തിന്റെ പോരാട്ടവീര്യം സന്തോഷം നൽകുന്നത് ആയിരുന്നു.
ആദ്യ പകുതിയിൽ നാല് ഗോളുകൾ വഴങ്ങിയത് ആണ് കേരളത്തിന് വലിയ തിരിച്ചടിയായത്. ആദ്യ പകുതി 1-4 എന്ന സ്കോറിലാണ് അവസാനിച്ചത്. വിഷാഖിന്റെ ഗോളാണ് ആദ്യ പകുതിയിൽ കേരളത്തിന് ആശ്വാസം ആയത്. രണ്ടാം പകുതിയിൽ കേരളം തിരിച്ചടിച്ചു. 66ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് നിജോ തിരിച്ചടി ആരംഭിച്ചു. 2-4. 71ആം മിനുട്ടിൽ അർജുനിലൂടെ മൂന്നാം ഗോൾ വന്നു. സ്കോർ 3-4. മഹാരാഷ്ട്ര ആകെ വിറച്ചു. 75ആം മിനുട്ടിൽ ജോൺ പോളിലൂടെ കേരളത്തിന്റെ സമനില ഗോൾ വന്നു.
വാട്ടർബ്രേക്കിനിടയിൽ ആണ് കേരളം ഗോളടിച്ചതെന്ന് പറഞ്ഞ് മഹാരാഷ്ട്ര പ്രതിഷേധിച്ചു എങ്കിലും ഗോൾ അനുവദിച്ചു. പിന്നെ വിജയ ഗോളിനായുള്ള പോരാട്ടം ആയിരുന്നു. 15 മിനുട്ട് ആണ് ഇഞ്ച്വറി ടൈമായി ലഭിച്ചത്. ഇഞ്ച്വറി ടൈമിൽ ജോൺ പോളിനെ വീഴ്ത്തിയതിന് കേരളത്തിന് പെനാൾട്ടി കിട്ടേണ്ടിയിരുന്നത് ആയിരുന്നു എങ്കിലും റഫറി പെനാൾട്ടി നിഷേധിച്ചു. അവസാന നിമിഷങ്ങളിൽ നല്ല അവസരം സൃഷ്ടിക്കാൻ ആകാത്തതോടെ കളി സമനിലയിൽ നിന്നു.
3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് മാത്രമുള്ള കേരളം ഇപ്പോൾ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. 7 പോയിന്റുമായി കർണാടക ഗ്രൂപ്പിൽ മുന്നിലും 7 പോയിന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തും ഉണ്ട്. ഒഡീഷയ്ക്കും പഞ്ചാബിനുമെതിരെ കേരളത്തിന് രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്, കേരളം ആദ്യ മത്സരത്തിൽ ഗോവയെ തോൽപ്പിച്ചു എങ്കിലും രണ്ടാം മത്സരത്തിൽ അപ്രതീക്ഷിതമായി കർണാടയോട് പരാജയപ്പെടുകയുണ്ടായി. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് ടീമുകൾക്ക് മാത്രമേ യോഗ്യത നേടാനാകൂ എന്നതിനാൽ അടുത്ത രണ്ടു മത്സരങ്ങളും ജയിച്ചാലെ കേരളത്തിന് പ്രതീക്ഷ ഉള്ളൂ.