കേരളാ പ്രിമിയർ ലീഗ് പുതിയ സീസണിലേക്കുള്ള യോഗ്യത കടമ്പ കടന്ന് സെന്റ് ജോസഫ് കോളേജ് ദേവഗിരി. ഇന്ന് നടന്ന അവസാന ക്വാളിഫയർ റൗണ്ടിൽ ഈഎംഈഎ കോളേജ് കൊണ്ടോട്ടിയെ വീഴ്ത്തിയാണ് സെന്റ് ജോസഫ് നേട്ടം കൈവരിച്ചത്. മുഴുവൻ സമയത്തും ഇരു ടീമുകൾക്കും വല കുലുക്കാൻ സാധിക്കാതെ പോയ മത്സരത്തിൽ ഒടുവിൽ പെനാൽറ്റിയിൽ നിന്നാണ് ജേതാക്കളെ നിശ്ചയിച്ചത്. അഞ്ചിൽ നാലു കിക്കും വലയിൽ എത്തിക്കാൻ ദേവഗിരിക്കാർക്ക് സാധിച്ചപ്പോൾ ഈഎംഈഎയുടെ മൂന്ന് കിക്കുകൾ മാത്രമേ വലയിൽ പതിച്ചുള്ളൂ.
യോഗ്യതാ ഘട്ടത്തിലെ മൂന്നാം റൗണ്ടും കടന്നാണ് സെന്റ് ജോസഫിന്റെ മുന്നേറ്റം. നേരത്തെ ഡബ്ല്യൂ എം ഓ കോളേജ് മുട്ടിലിനെ ആദ്യ റൗണ്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും, പിന്നീട് ട്രാവൻകൂർ റോയൽസിനെ രണ്ടാം റൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും അവർ കീഴടക്കി. ടാലന്റ്‌സ് അസോസിയേഷൻ, ഷൂട്ടെഴ്‌സ് യുനൈറ്റഡ് എന്നിവരെ വീഴ്ത്തിയാണ് ഈഎംഈഎ ദേവഗിരി കോളേജുമായുള്ള പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്.