ഇന്ന് കേരള പ്രീമിയർ ലീഗ് ഫൈനൽ

കേരള പ്രീമിയർ ലീഗിൽ ഇന്ന് കിരീട പോരാട്ടമാണ്. ഫൈനലിൽ കേരള യുണൈറ്റഡും സാറ്റ് തിരൂരും നേർക്കുനേർ വരും.കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 6 മണിക്കാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. കൈരളി വി ചാനലിൽ കളി തത്സമയം കാണാൻ ആകും. തങ്ങളുടെ ആദ്യ കേരള പ്രീമിയർ ലീഗ് കിരീടമാകും സാറ്റ് തിരൂർ ഇന്ന് ലക്ഷ്യമിടുന്നത്. നിലവിലെ ചാമ്പ്യന്മാരായ കേരള യുണൈറ്റഡ് രണ്ടാം കിരീടമാകും ലക്ഷ്യമിടുന്നത്.

Credit: Sahil Sidharthan

സെമി ഫൈനലിൽ കേരള പോലീസിനെ തോൽപ്പിച്ച് ആണ് സാറ്റ് തിരൂർ ഫൈനലിലേക്ക് വന്നത്. 2-0 എന്ന സ്കോറിനായിരുന്നു സെമി ഫൈനലിലെ വിജയം. ഇതേ സ്കോറിനു തന്നെ മുത്തൂറ്റ് എഫ് എയെ തോൽപ്പിച്ച് ആണ് കേരള യുണൈറ്റഡ് ഫൈനലിലേക്ക് എത്തിയത്.

സൂപ്പർ സിക്സിൽ ഇരു ക്ലബുകളും ഏറ്റുമുട്ടിയപ്പോൾ സാറ്റ് തിരൂരിനായിരുന്നു വിജയം. അതിനു മുമ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കേരള യുണൈറ്റഡ് സാറ്റ് തിരൂരിനെ തോൽപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.

കേരള പ്രീമിയർ ലീഗിൽ കോവളം എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. കോട്ടപ്പടി മൈതാനത്ത് നടന്ന മത്സരത്തിൽ കോവളം എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കോവളം എഫ് സിയുടെ വിജയം. പതിമൂന്നാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെയാണ് കോവളം ലീഡ് എടുത്തത്. അബിൻ ആണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്.

രണ്ടാം പകുതിയിൽ വൈഷ്ണവ് കോവളത്തിനായി ഇരട്ട ഗോളുകളും നേടി. 68ആം മിനിട്ടിലും 88ആം മിനിട്ടിലും ആയിരുന്നു വൈഷ്ണവിന്റെ ഗോളുകൾ. വൈഷ്ണവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സിനായി അമൻ ആശ്വാസ ഗോൾ നേടി.

കേരള പ്രീമിയർ ലീഗ് നവംബർ 25ന് ആരംഭിക്കും, ആകെ 20 ടീമുകൾ

കേരള പ്രീമിയർ ലീഗ് പുതിയ സീസൺ നവംബർ 25ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ ആരംഭിക്കും. ഗോകുലം കേരള എഫ് സിയും കേരള യുണൈറ്റഡും തമ്മിലാണ് ആദ്യ മത്സരം. വൈകിട്ട് 7 മണിക്ക് കോട്ടപടിയിൽ ആകും ആദ്യ മത്സരം. കണ്ണൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും മത്സരങ്ങൾക്ക് വേദിയാകും. ഈ സീസണിൽ രണ്ടു ഗ്രൂപ്പുകളിലായി 20 ടീമുകളാണ് കെ പി എല്ലിൽ മാറ്റുരക്കുന്നത്‌.

ഫൈനൽ ഉൾപ്പെടെ ആകെ 108 മത്സരങ്ങൾ ലീഗിൽ നടക്കും. കെ പി എൽ യോഗ്യത റൗണ്ട് ജയിച്ച് എത്തിയ ദേവഗിരി സെന്റ് ജോസഫ്‌ കോളേജ്, ലൂക്ക സോക്കർ ക്ലബ്, കോർപറേറ്റ് എൻട്രിയായ എഫ് സി കേരള എന്നീ ക്ലബുകൾ ആണ് ഈ സീസണിലെ പുതിയ ക്ലബുകൾ.

കോവളം എഫ് സി, കേരള പോലീസ്, കെ എസ് ഇ ബി, ഗോൾഡൻ ത്രഡ്സ്, കേരള ബ്ലാസ്റ്റേഴ്സ്, എം കെ സ്പോർടിംഗ് ക്ലബ്, സാറ്റ് തിരൂർ, ബാസ്കോ ഒതുക്കുങ്ങൽ, ഗോകുലം കേരള എഫ് സി, കേരള യുണൈറ്റഡ്, സായി, പറപ്പൂർ എഫ് സി, മുത്തൂറ്റ് എഫ് സി, എഫ് സി അരീക്കോട്, റിയൽ മലബാർ എഫ് സി കൊണ്ടോട്ടി, വയനാട് യുണൈറ്റഡ്, ലിഫ എന്നിവയാണ് മറ്റു ടീമുകൾ.

ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സൂപ്പർ സിക്സിൽ പ്രവേശിക്കും. അവിടെ നിന്ന് മികച്ച നാലു ടീമുകൾ സെമിയിലേക്കും മുന്നേറും.

ഫിക്സ്ചറുകൾ;

കേരളാ പ്രീമിയർ ലീഗ്; ക്വാളിഫയർ റൗണ്ട് താണ്ടി പുതിയ സീസണിലേക്ക് പേരെഴുതി ചേർത്ത് ലൂക്കാ സോക്കർ ക്ലബ്ബ്

കേരളാ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്ക് യോഗ്യത നേടി ലൂക്കാ സോക്കർ ക്ലബ്ബ്. പൂൾ ബിയിൽ നിന്നുമുള്ള ടീമിനെ കണ്ടെത്താൻ ഇന്ന് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കലാശപോരാട്ടത്തിൽ ശ്രീ വ്യാസാ കോളേജിനെയാണ് അവർ കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലൂക്കാ സോക്കർ ക്ലബ്ബിന്റെ വിജയം. മത്സരത്തിലെ ഏക ഗോൾ ഷഹജാസ് കണ്ടെത്തി.

ആദ്യ പകുതിയിലാണ് ഫൈനലിന്റെ വിധി നിർണയിച്ച ഗോൾ എത്തിയത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഷഹജാസിലൂടെ ലൂക്കാ ക്ലബ്ബ് ലീഡ് നേടി. രണ്ടാം പകുതിയിൽ ഇരു ടീമിനും ലക്ഷ്യം കാണാൻ ആയില്ല. കഴിഞ്ഞ ദിവസം എട്ടു ഗോളിന്റെ തകർപ്പൻ ജയവുമായാണ് അവർ ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. ഗോൾഡൻ ത്രെഡ്സിനെ കീഴടക്കിയാണ് ശ്രീ വ്യാസാ കോളേജ് കലാശപോരാട്ടത്തിന് എത്തിയത്. ഇതോടെ കേരളാ പ്രീമിയർ ലീഗ് പുതിയ സീസണിൽ പന്ത് തട്ടാൻ ലൂക്കാ സോക്കർ ക്ലബ്ബും ഉണ്ടാവും.

കേരളാ പ്രീമിയർ ലീഗ് ക്വാളിഫയർ; ഗോൾ മഴയിൽ ഫൈനലിലേക് ടിക്കറ്റ് എടുത്ത് ലൂക്കാ സോക്കർ ക്ലബ്ബ്

കേരളാ പ്രീമിയർ ലീഗ് ക്വാളിഫയർ റൗണ്ടിൽ തകർപ്പൻ ജയവുമായി ലൂക്കാ സോക്കർ ക്ലബ്ബ്. ഇന്ന് നടന്ന മത്സരത്തിൽ ട്രാവൻകൂർ യുനൈറ്റഡിനെ ഒന്നിനെതിരെ എട്ടു ഗോളുകൾക്ക് തകർത്ത് കൊണ്ട് ലൂക്കാ സോക്കർ ക്ലബ്ബ് ഫൈനലിലേക്ക് കടന്നു. നാളെ വൈകീട്ട് മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന ഫൈനൽ മത്സരത്തിൽ ശ്രീ വ്യാസാ കോളേജ് ആണ് അവരുടെ എതിരാളികൾ.

മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ലൂക്കാ ക്ലബ്ബ് ഗോളടി തുടങ്ങി. സുഹൈൽ ആണ് ഗോൾ മഴക്ക് തുടക്കമിട്ടത്. സുഹൈൽ, ഫാസിൽ, ഷഹദ് എന്നിവർ ഇരട്ട ഗോളുകൾ കണ്ടെത്തി. ഷഹജാസും ഹാഷിഫും ആയിരുന്നു മറ്റു സ്‌കോറർമാർ. ആദ്യ പകുതി കഴിയുമ്പോൾ തന്നെ ലൂക്കാ സോക്കർ ക്ലബ്ബ് ആറു ഗോളുകൾ എതിർ വലയിൽ എത്തിച്ചിരുന്നു. ട്രാവൻകൂർ ടീമിന്റെ ഒരേയൊരു ഗോൾ ജിഫ്നാന്റെ ബൂട്ടിൽ നിന്നും പിറന്നു. രണ്ടാം പാകുതിയിലെ രണ്ടു ഗോളുകൾ കൂടി ആയതോടെ ലൂക്കാ സോക്കർ ക്ലബ്ബ് പട്ടിക തികച്ചു. നാളെ ഫൈനലിൽ ജയിക്കുന്നവർ കേരളാ പ്രീമിയർ ലീഗ് പുതിയ സീസണിലേക്കുള്ള യോഗ്യത നേടും.

കേരളാ പ്രിമിയർ ലീഗ് ക്വാളിഫയർ; വമ്പൻ തിരിച്ചു വരവോടെ ശ്രീ വ്യാസാ കോളേജ് ഫൈനലിൽ

കേരളാ പ്രീമിയർ ലീഗ് ക്വാളിഫയർ റൗണ്ടിൽ വമ്പൻ തിരിച്ചു വരവോടെ പൂൾ ബിയിൽ ഫൈനൽ ഉറപ്പിച്ച് ശ്രീ വ്യാസാ കോളേജ്. ഇന്ന് നടന്ന മത്സരത്തിൽ ഗോൾഡൻ ത്രെഡ്‌സ് ഫുട്‌ബോൾ അക്കാദമിയെയാണ് അവർ കീഴടക്കിയത്. ലീഡ് നില മാറി മറിഞ്ഞ പോരാട്ടത്തിൽ ഒടുവിൽ ഇഞ്ചുറി സമയത്ത് പിറന്ന ഗോൾ മത്സരത്തിന്റെ വിധി നിർണയിക്കുകയായിരുന്നു. ജേതാക്കൾക്ക് വേണ്ടി ഷെരീഫ് ഇരട്ട ഗോൾ നേടിയപ്പോൾ സോണി മറ്റൊരു ഗോൾ കുറിച്ചു. അഷർ, ആദർഷ് എന്നിവർ ഗോൾഡൻ ത്രെഡ്സിന് വേണ്ടി വല കുലുക്കി.

ഇന്നലെ കോസ്‌മോസിനെ കീഴടക്കി എത്തിയ ശ്രീ വ്യാസക്കെതിരെ 34ആം മിനിറ്റിൽ ആദർഷിലൂടെ ഗോൾഡൻ ത്രെഡ്സ് ലീഡ് എടുത്തു. അറുപതാം മിനിറ്റിൽ സോണിയിലൂടെ ശ്രീ വ്യാസാ സമനില ഗോൾ കണ്ടെത്തി. 74ആം മിനിറ്റിൽ പകരക്കാരനായി എത്തിയ ഷെരീഫിലൂടെ അവർ ലീഡും കരസ്ഥമാക്കി. എന്നാൽ വെറും മൂന്ന് മിനിറ്റിന് ശേഷം അസ്ഹറിലൂടെ ഗോൾഡൻ ത്രെഡ്‌സ് സ്‌കോർ നില സമനിലയിൽ എത്തിച്ചു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഷെരീഫിന്റെ ബൂട്ടിൽ നിന്നും വീണ്ടും ഗോൾ പിറന്നപ്പോൾ ഒടുവിൽ മത്സരം ശ്രീ വ്യാസ സ്വന്തമാക്കി. നാളെ ട്രാവൻകൂർ യുനൈറ്റഡും ലൂക്കാ സോക്കർ ക്ലബ്ബും തമ്മിലുള്ള മത്സരത്തിലെ ജേതാക്കൾ ശ്രീ വ്യാസ കോളേജ് ഞായറാഴ്ച്ച ഫൈനലിൽ നേരിടും.

കേരളാ പ്രീമിയർ ലീഗ് ക്വാളിഫയർ; കോസ്മോസ് എഫ്സിയെ കീഴടക്കി ശ്രീ വ്യാസാ കോളേജ്

കേരളാ പ്രീമിയർ ലീഗ് ക്വാളിഫയർ പൂൾ ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ ശ്രീ വ്യാസാ കോളേജിന് വിജയം. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോസ്മോസ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ശ്രീ വ്യാസ കോളേജ് നിർണായക ജയം കരസ്ഥമാക്കിയത്. ഇതോടെ ക്വാളിഫയറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനും അവർക്കായി.

പൂൾ ബിയിലെ മറ്റൊരു ടീമായ ഗോൾഡൻ ത്രെഡ്‌സ് എഫ്എയെയാണ് ശ്രീ വ്യാസ അടുത്തതായി നേരിടാൻ ഉള്ളത്. ഈ മത്സരം നാളെ വൈകീട്ടാണ് കുറിച്ചിരിക്കുന്നത്. പൂളിലെ എല്ലാ മത്സരങ്ങളും മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ്. മത്സരത്തിലെ ജേതാക്കൾ ഫൈനലിലേക്ക് കടക്കും. ശനിയാഴ്ച്ച ട്രാവൻകൂർ യുനൈറ്റഡും ലുക്കാ സോക്കർ ക്ലബ്ബും തമ്മിലുള്ള മത്സരത്തിലെ വിജയികൾ ആവും ഫൈനലിൽ അവരെ കാത്തിരിക്കുന്നത്. ഞായറാഴ്ച്ചയാണ് ഫൈനൽ.

കേരളാ പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടി സെന്റ് ജോസഫ് ദേവഗിരി

കേരളാ പ്രിമിയർ ലീഗ് പുതിയ സീസണിലേക്കുള്ള യോഗ്യത കടമ്പ കടന്ന് സെന്റ് ജോസഫ് കോളേജ് ദേവഗിരി. ഇന്ന് നടന്ന അവസാന ക്വാളിഫയർ റൗണ്ടിൽ ഈഎംഈഎ കോളേജ് കൊണ്ടോട്ടിയെ വീഴ്ത്തിയാണ് സെന്റ് ജോസഫ് നേട്ടം കൈവരിച്ചത്. മുഴുവൻ സമയത്തും ഇരു ടീമുകൾക്കും വല കുലുക്കാൻ സാധിക്കാതെ പോയ മത്സരത്തിൽ ഒടുവിൽ പെനാൽറ്റിയിൽ നിന്നാണ് ജേതാക്കളെ നിശ്ചയിച്ചത്. അഞ്ചിൽ നാലു കിക്കും വലയിൽ എത്തിക്കാൻ ദേവഗിരിക്കാർക്ക് സാധിച്ചപ്പോൾ ഈഎംഈഎയുടെ മൂന്ന് കിക്കുകൾ മാത്രമേ വലയിൽ പതിച്ചുള്ളൂ.

യോഗ്യതാ ഘട്ടത്തിലെ മൂന്നാം റൗണ്ടും കടന്നാണ് സെന്റ് ജോസഫിന്റെ മുന്നേറ്റം. നേരത്തെ ഡബ്ല്യൂ എം ഓ കോളേജ് മുട്ടിലിനെ ആദ്യ റൗണ്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും, പിന്നീട് ട്രാവൻകൂർ റോയൽസിനെ രണ്ടാം റൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും അവർ കീഴടക്കി. ടാലന്റ്‌സ് അസോസിയേഷൻ, ഷൂട്ടെഴ്‌സ് യുനൈറ്റഡ് എന്നിവരെ വീഴ്ത്തിയാണ് ഈഎംഈഎ ദേവഗിരി കോളേജുമായുള്ള പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്.

കേരള പ്രീമിയർ ലീഗ് ഇന്ന് തുടങ്ങും, ആദ്യ ദിവസം രണ്ട് മത്സരങ്ങൾ

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) സംഘടിപ്പിക്കുന്ന സ്‌കോര്‍ലൈന്‍ കേരള പ്രീമിയർ ലീഗ് (കെപിഎല്‍) 2022-23 സീസണ് ഇന്ന് കിക്കോഫ്. ഇന്ന് വൈകിട്ട് 3.30ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. കോട്ടപ്പടിയഎ മത്സരത്തില്‍ ഗ്രൂപ്പ് എ ടീമുകളായ സാറ്റ് തിരൂരും കേരള യുണൈറ്റഡ് എഫ്‌സിയും നേർക്കുനേർ വരും.

അതേ സമയം തന്നെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ കേരള പൊലീസ്, മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിയെയും നേരിടും. എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയമാണ് കെപിഎലിന്റെ മറ്റൊരു വേദി. 2022 ഡിസംബര്‍ 9നാണ് ഇവിടെ ആദ്യ മത്സരം.

കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ഗ്രൂപ്പുകളിലായി 22 ടീമുകളാണ് ഇത്തവണ കെപിഎല്‍ കിരീടത്തിനായി മത്സരിക്കുന്നത്. ഗോൾഡൻ ത്രഡ്സ് ആണ് നിലവിലെ കെ പി എൽ ചാമ്പ്യന്മാർ. കെപിഎല്‍ യോഗ്യത റൗണ്ട് ജയിച്ചെത്തിയ പയ്യൂന്നൂര്‍ കോളജ്, കോര്‍പറേറ്റ് എന്‍ട്രിയിലൂടെ എത്തിയ എംകെ സ്‌പോര്‍ട്ടിങ് ക്ലബ്ബ് എന്നിവയാണ് ഈ സീസണിൽ ലീഗിൽ അരങ്ങേറുന്ന ടീമുകൾ.

സാറ്റ് തിരൂര്‍, എംകെ സ്‌പോര്‍ട്ടിങ് ക്ലബ്ബ്, റിയല്‍ മലബാര്‍ എഫ്‌സി കാലിക്കറ്റ്, ബാസ്‌കോ ഒതുക്കുങ്ങല്‍, വയനാട് യുണൈറ്റഡ് എഫ്‌സി, ലൂക്കാ സോക്കര്‍ ക്ലബ്ബ്, കേരള യുണൈറ്റഡ് എഫ്‌സി, എസ്സാ എഫ്‌സി അരീക്കോട് എന്നീ 8 ടീമുകളാണ് എ ഗ്രൂപ്പിലുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ ഗോള്‍ഡന്‍ ത്രെഡ്‌സ് ഉള്‍പ്പെടുന്ന ബി ഗ്രൂപ്പില്‍ 7 ടീമുകളാണുള്ളത്. മുത്തൂറ്റ് എഫ്എ, കേരള പൊലീസ്, ഗോകുലം കേരള എഫ്‌സി, എഫ്‌സി കേരള, ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി, ഡോണ്‍ ബോസ്‌കോ എഫ്എ, പറപ്പൂര്‍ എഫ്‌സി.

7 ടീമുകളാണ് സി ഗ്രൂപ്പില്‍ ഉണ്ടാവുക. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, കോവളം എഫ്‌സി, ട്രാവന്‍കൂര്‍ റോയല്‍ എഫ്‌സി, ലിഫ, കെഎസ്ഇബി, പയ്യന്നൂര്‍ കോളജ്, സായി. എ ഗ്രൂപ്പില്‍ 28 മത്സരങ്ങളും ബി,സി ഗ്രൂപ്പുകളില്‍ 21 മത്സരങ്ങള്‍ വീതവും നടക്കും.

ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് സൂപ്പര്‍ സിക്‌സ്, സെമിഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയായിരിക്കും ലീഗിന്റെ അവസന ഘട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമും 6 മത്സരങ്ങള്‍ വീതം കളിക്കും. ആകെ 70 മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ സിക്‌സ് മത്സരങ്ങള്‍ക്ക് യോഗ്യത നേടും. ഇവിടെ ഓരോ ടീമും 5 മത്സരങ്ങള്‍ വീതം കളിക്കും. മികച്ച നാല് ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. ഹോം, എവേ അടിസ്ഥാനത്തില്‍ രണ്ടു പാദങ്ങളിലായിട്ടായിരിക്കും സെമിഫൈനല്‍ മത്സരങ്ങള്‍. തുടര്‍ന്ന് ഫൈനല്‍.

സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കെപിഎല്‍ 2022-23 സീസണിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. നിവിയ (ഒഫീഷ്യല്‍ ബോള്‍ ആന്‍ഡ് കിറ്റ് പാര്‍ട്ണര്‍), റേഡിയോ മാംഗോ (ഒഫീഷ്യല്‍ റേഡിയോ പാര്‍ട്ണര്‍), ഫാന്‍കോഡ് (ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റ് പാര്‍ട്ണര്‍) എന്നിവയാണ് മറ്റു സ്‌പോണ്‍സര്‍മാര്‍. മത്സരം ഫാൻകോഡ് ആപ്പിൽ കാണാം.

കേരള പ്രീമിയർ ലീഗ് നവംബർ 20ന് തുടങ്ങും

കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസൺ നവംബർ 20ന് ആരംഭിക്കും. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡും എഫ് സി അരീക്കീടും തമ്മിൽ ഏറ്റുമുട്ടും. കോട്ടപടി സ്റ്റേഡിയം, കോഴിക്കോട്‌ ഇ എം എസ് സ്റ്റേഡിയം, എറണാകുളം മഹാരാജാസ് സ്റ്റേഡിയം എന്നി വേദികളിൽ ആകും മത്സരങ്ങൾ നടക്കുക.

നവംബർ 25ന് കെ എസ് ഇബിയും ആയാണ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന്റെ ആദ്യ മത്സരം. രണ്ട് തവണ കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള ഗോകുലം കേരള നവംബർ 26ന് എഫ് സി കേരളയെ നേരിടും. നിലവിലെ ലീഗ് ചാമ്പ്യന്മാരായ ഗോൾഡൻ ത്രഡ്സിന്റെ ആദ്യ മത്സരം ഡിസംബർ 8ന് മുത്തൂറ്റ് എഫ് എക്ക് എതിരെയാണ്‌.

മൂന്ന് ഗ്രൂപ്പുകളിൽ ആയി 22 ടീമുകൾ ആണ് ഇത്തവണ കെ പി എല്ലിൽ കളിക്കുന്നത്.

ഫിക്സ്ചർ:

കേരള പ്രീമിയർ ലീഗ് യോഗ്യത തേടി കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഇന്ന് ഇറങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഇന്ന് കെ പി എൽ യോഗ്യത റൗണ്ടിൽ ഇറങ്ങും. കാസർഗോഡ് നടക്കുന്ന മത്സരത്തിൽ സാക്രെഡ് ഹാർട്സ് തൃശ്ശൂരിനെ ആകും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് നേരിടുക. ആദ്യ മത്സരത്തിൽ ആലപ്പി ഇലവനെ തോൽപ്പിച്ച് ആണ് സേക്രഡ് ഹാർട്സ് വരുന്നത്. ഡൂറണ്ട് കപ്പിലും അതിനു മുമ്പ് നെക്സ്റ്റ് ജെൻ കപ്പിലും കളിച്ചിട്ടുള്ള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീം അവരുടെ ഏറ്റവും മികച്ച നിലയിലാണ് ഇപ്പോൾ ഉള്ളത്.

അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇന്ന് ഫേവറിറ്റ്സ്. ഡൂറണ്ട് കപ്പിൽ തിളങ്ങിയ മുഹമ്മദ് ഐമൻ, അസ്ഹർ, അജ്സൽ, റോഷൻ ജിജി, ഗോൾ കീപ്പർ സച്ചിൻ സുരേഷ് എന്നിവർ എല്ലാം സ്ക്വാഡിൽ ഉണ്ട്. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന മത്സരം സ്പോർട്കാസ്റ്റ് ഇന്ത്യയുടെ യൂട്യൂബ് ചാനൽ വഴി തത്സമയം കാണാം.

കെ പി എൽ യോഗ്യത മത്സരങ്ങളുടെ ഫിക്സ്ചർ എത്തി, ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സെപ്റ്റംബർ 30ന്

കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസണായുള്ള യോഗ്യത മത്സരങ്ങളുടെ ഫിക്സ്ചർ എത്തി. സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 5 വരെയാണ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്‌ കാസർഗോഡ് സിന്തറ്റിക് സ്റ്റേഡിയം ആണ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നത്.

11 ടീമുകൾ യോഗ്യത റൗണ്ടിൽ മാറ്റുരയ്ക്കുന്നു. യോഗ്യത റൗണ്ട് വഴി മൂന്ന് ടീമുകൾ ആകും ലീഗിലേക്ക് യോഗ്യത നേടുക. ഫൈനലിൽ എത്തുന്നവരും ലൂസേഴ്സ് ഫൈനലിലെ വിജയികളും ആണ് അടുത്ത റൗണ്ടിലേക്ക് പോവുക. കഴിഞ്ഞ കെ പി എല്ലിൽ റിലഗേറ്റ് ആയ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഉൾപ്പെടെയുള്ള ടീമുകൾ യോഗ്യത റൗണ്ടിൽ ഉണ്ട്.

ടീമുകൾ:
കേരള ബ്ലാസ്റ്റേഴ്സ്
ഷൂട്ടേഴ്സ് പടന്ന
എഫ് സി കേരള
എം എ കോളേജ്
ഫറൂഖ് കോളേജ്
പയ്യന്നൂർ കോളേജ്
എ എഫ് സി അമ്പലവയൽ
ആലപ്പി എഫ് സി
സേക്രഡ് ഹാർട്ട് തൃശ്ശൂർ
ബൈസന്റയിൻ കൊച്ചി
ഐഫ കൊപ്പം

ഫിക്സ്ച്സ്റുകൾ;

Exit mobile version