Screenshot 20230825 201229 X

കേരളാ പ്രിമിയർ ലീഗ് ക്വാളിഫയർ; വമ്പൻ തിരിച്ചു വരവോടെ ശ്രീ വ്യാസാ കോളേജ് ഫൈനലിൽ

കേരളാ പ്രീമിയർ ലീഗ് ക്വാളിഫയർ റൗണ്ടിൽ വമ്പൻ തിരിച്ചു വരവോടെ പൂൾ ബിയിൽ ഫൈനൽ ഉറപ്പിച്ച് ശ്രീ വ്യാസാ കോളേജ്. ഇന്ന് നടന്ന മത്സരത്തിൽ ഗോൾഡൻ ത്രെഡ്‌സ് ഫുട്‌ബോൾ അക്കാദമിയെയാണ് അവർ കീഴടക്കിയത്. ലീഡ് നില മാറി മറിഞ്ഞ പോരാട്ടത്തിൽ ഒടുവിൽ ഇഞ്ചുറി സമയത്ത് പിറന്ന ഗോൾ മത്സരത്തിന്റെ വിധി നിർണയിക്കുകയായിരുന്നു. ജേതാക്കൾക്ക് വേണ്ടി ഷെരീഫ് ഇരട്ട ഗോൾ നേടിയപ്പോൾ സോണി മറ്റൊരു ഗോൾ കുറിച്ചു. അഷർ, ആദർഷ് എന്നിവർ ഗോൾഡൻ ത്രെഡ്സിന് വേണ്ടി വല കുലുക്കി.

ഇന്നലെ കോസ്‌മോസിനെ കീഴടക്കി എത്തിയ ശ്രീ വ്യാസക്കെതിരെ 34ആം മിനിറ്റിൽ ആദർഷിലൂടെ ഗോൾഡൻ ത്രെഡ്സ് ലീഡ് എടുത്തു. അറുപതാം മിനിറ്റിൽ സോണിയിലൂടെ ശ്രീ വ്യാസാ സമനില ഗോൾ കണ്ടെത്തി. 74ആം മിനിറ്റിൽ പകരക്കാരനായി എത്തിയ ഷെരീഫിലൂടെ അവർ ലീഡും കരസ്ഥമാക്കി. എന്നാൽ വെറും മൂന്ന് മിനിറ്റിന് ശേഷം അസ്ഹറിലൂടെ ഗോൾഡൻ ത്രെഡ്‌സ് സ്‌കോർ നില സമനിലയിൽ എത്തിച്ചു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഷെരീഫിന്റെ ബൂട്ടിൽ നിന്നും വീണ്ടും ഗോൾ പിറന്നപ്പോൾ ഒടുവിൽ മത്സരം ശ്രീ വ്യാസ സ്വന്തമാക്കി. നാളെ ട്രാവൻകൂർ യുനൈറ്റഡും ലൂക്കാ സോക്കർ ക്ലബ്ബും തമ്മിലുള്ള മത്സരത്തിലെ ജേതാക്കൾ ശ്രീ വ്യാസ കോളേജ് ഞായറാഴ്ച്ച ഫൈനലിൽ നേരിടും.

Exit mobile version