കേരള പ്രീമിയർ ലീഗ് മാർച്ച് ആറിന് ആരംഭിക്കും, 12 ടീമുകൾ, തൃശ്ശൂരും കൊച്ചിയും വേദിയാകും, മത്സരങ്ങൾ തത്സമയം കാണാം

Img 20210226 130411
Credit: Twitter
- Advertisement -

കേരള പ്രീമിയർ ലീഗ് ഏഴാം സീസൺ മാർച്ച് 6ന് ആരംഭിക്കും. ഇന്ന് കേരള പ്രീമിയർ ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് കൊച്ചിയിൽ വെച്ച് നടന്നു. റാംകോ സിമന്റ്സ് ആണ് ഇത്തവണയും കേരള പ്രീമിയർ ലീഗ് മുഖ്യ സ്പോൺസർ. കോവിഡ് ആയതിനാൽ ഹോം & എവേ രീതിയിൽ മത്സരം നടത്തുന്നതിന് പകരം രണ്ട് വേദികളിൽ ആയാകും ഇത്തവണ ലീഗ് നടക്കുക. തൃശ്ശൂരും കൊച്ചിയും ആയിരിക്കും വേദികൾ. 12 ടീമുകൾ ആണ് ലീഗിൽ പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പുകളിൽ ആയാകും പോരാട്ടം.

ഗ്രൂപ്പ് എയിൽ ബാസ്കോ, ഗോകുലം കേരള, കേരള പോലീസ്, ലൂക്ക സോക്കർ, എഫ് സി കേരള, സാറ്റ് തിരൂർ എന്നീ ക്ലബുകൾ ആണ് മാറ്റുരക്കുന്നത്. ഗ്രൂപ്പ് എയിലെ മത്സരങ്ങൾക്ക് തൃശ്ശൂർ വേദിയാകും. ഗ്രൂപ്പ് ബിയിൽ നിലയിൽ ലീഗ് ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ്, എം എ കോളേജ്, ഗോൾഡൻ ത്രഡ്സ്, കെ എസ് ഇ ബി, കേരള യുണൈറ്റഡ്, കോവളം എഫ് സി എന്നിവരാണ് ഉള്ളത്. ഈ ക്ലബുകൾ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വെച്ചാകും ഏറ്റുമുട്ടുക.

ഉദ്ഘാടന മത്സരത്തിൽ മാർച്ച് 6ന് കേരള യുണൈറ്റഡ് കോവളം എഫ് സിയെ നേരിടും. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ആയിരുന്നു കിരീടം നേടിയത്. കേരള യുണൈറ്റഡ്, ബാസ്കോ ഒതുക്കുങ്ങൽ എന്നീ ടീമുകൾ ആദ്യമായാണ് കേരള പ്രീമിയർ ലീഗിൽ എത്തുന്നത്. കേരള യുണൈറ്റഡ് മുമ്പ് ക്വാർട്സ് എഫ് സി ആയിരിക്കെ കെ പി എല്ലിന്റെ ഭാഗമായിരുന്നു.

ഇത്തവണ നടക്കുന്ന എല്ലാ മത്സരങ്ങളും യൂടൂബ് വഴിയും ഫേസ്ബുക്ക് വഴിയും തത്സമയം ടെലിക്കാസ്റ്റ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. കെ പി എൽ വിജയികളും റണ്ണേഴ്സ് അപ്പുമാകും കേരളത്തെ പ്രതിനിധീകരിച്ച് അടുത്ത സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ പങ്കെടുക്കുക.

ഗ്രൂപ്പുകൾ:

ഗ്രൂപ്പ് എ: ബാസ്കോ, ഗോകുലം കേരള, കേരള പോലീസ്, ലൂക്ക സോക്കർ, എഫ് സി കേരള, സാറ്റ് തിരൂർ

ഗ്രൂപ്പ് ബി;

കേരള ബ്ലാസ്റ്റേഴ്സ്, എം എ കോളേജ്, ഗോൾഡൻ ത്രഡ്സ്, കെ എസ് ഇ ബി, കേരള യുണൈറ്റഡ്, കോവളം എഫ് സി

Advertisement