കേരള പ്രീമിയർ ലീഗ്, എഫ് സി തൃശ്ശൂരിന്റെ മത്സരങ്ങൾ ഉപേക്ഷിച്ചു

കേരള പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയ എഫ് സി തൃശ്ശൂരിന്റെ ഇനി നടക്കാനുള്ള എല്ലാ മത്സരങ്ങളും ഉപേക്ഷിക്കുന്നതായി കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ലീഗിൽ വെറും രണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു എഫ് സി തൃശ്ശൂർ ലീഗിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. സെമിയിൽ എത്താൻ സജീവ സാധ്യത ഉണ്ടായിട്ടും കെ എഫ് എയുടെ നടപടികളിൽ പ്രതിഷേധിച്ചായിരുന്നു എഫ് സി തൃശ്ശൂരിന്റെ പിന്മാറ്റം.

ഇതുവരെ എഫ് സി തൃശ്ശൂർ കളിച്ച എല്ലാ മത്സരങ്ങളുടെയും ഫലങ്ങൾ റദ്ദാക്കും എന്നും കെ എഫ് എ അറിയിച്ചു. തങ്ങളെ കൊണ്ട് ആവുന്ന വിധത്തിൽ എഫ് സി തൃശ്ശൂരിനെ തിരികെ കൊണ്ടു വരാൻ ശ്രമിച്ചു എന്നും എന്നാൽ അതിന് ക്ലബ് കൂട്ടാക്കാത്തതിനാലാണ് ഈ അന്തിമ തീരുമാനത്തിൽ എത്തിയത് എന്നും കെ എഫ് എ പറഞ്ഞു. ലീഗിൽ നിന്ന് പിന്മാറിയതിന് എഫ് സി തൃശ്ശൂരിനെതിരെ നടപടി ഉണ്ടാകും എന്നും കെ എഫ് എ അറിയിച്ചു.

എഫ് സി തൃശ്ശൂരിന്റെ പിന്മാറ്റത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് എ ചാമ്പ്യന്മാർ ആകുമെന്ന് ഉറപ്പായി. ഇന്ത്യൻ നേവിയോ, എഫ് സി കൊച്ചിയോ ആകും രണ്ടാം സെമി ഫൈനൽ സ്ഥാനം ഗ്രൂപ്പിൽ നിന്ന് കരസ്ഥമാക്കുക. സാറ്റ് തിരൂർ ലീഗിൽ നിന്ന് പുറത്തായി.