കേരള ഫുട്ബോളിന്റെ കഷ്ടകാലം തുടരുന്നു, എഫ് സി തൃശ്ശൂരും കേരള പ്രീമിയർ ലീഗ് വിട്ടു!!

- Advertisement -

കേരള പ്രീമിയർ ലീഗിനും കെ എഫ് എയ്ക്കും ഒരു നാണക്കേട് കൂടെ സ്വന്തം. അനന്തമായി നീളുന്ന നമ്മുടെ സ്വന്തം കേരള പ്രീമിയർ ലീഗിൽ നിന്ന് ഒരു ക്ലബ് കൂടെ പിന്മാറി. എഫ് സി തൃശ്ശൂർ ആണ് സാമ്പത്തിക പ്രതിസന്ധിയും കെ എഫ് എയുടെ നടപടികളും കാരണം ലീഗിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. അവസാന രണ്ടു കെ പി എൽ സീസണിലും തകർപ്പൻ പ്രകടനം കാഴ്ചവെച്ച ടീമാണ് എഫ് സി തൃശ്ശൂർ.

2016-17 സീസണിൽ കെ പി എൽ റണ്ണേഴ്സ് അപ്പും ആയിരുന്നു എഫ് സി തൃശ്ശൂർ. ഈ സീസണിൽ സെമിക്ക് തൊട്ടരികെ നിൽക്കെയാണ് തൃശ്ശൂർ ലീഗിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. കേരള പ്രീമിയർ ലീഗ് നീണ്ടു പോയത് കൊണ്ട് വന്ന അധിക ചിലവുകളാണ് തൃശ്ശൂർ ക്ലബിനെ പ്രതിസന്ധിയിൽ ആക്കിയത്. കഴിഞ്ഞ ഒക്ടോബറിൽ ലീഗ് ആരംഭിക്കും എന്ന് പറഞ്ഞതിനാൽ അന്ന് മുതൽ മികച്ച സ്ക്വാഡിനെ നിലനിർത്തുന്ന ടീമാണ് എഫ് സി തൃശ്ശൂർ. ചെറിയ ടീമുകളായ തൃശ്ശൂരിനൊക്കെ ഈ ലീഗ് നീളുന്നത് വലിയ സാമ്പത്തിക ഭാരം തന്നെ നൽകുന്നുണ്ട്.

ഡിസംബറിൽ ആരംഭിച്ച കേരള പ്രീമിയർ ലീഗിന്റെ ഗ്രൂപ്പ് മത്സരങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. 44 മത്സരങ്ങളാണ് ആകെ ലീഗിൽ നടക്കേണ്ടത്. ലീഗ് തുടങ്ങിയിട്ട് നാലു മാസമായിട്ടും അത് തീർന്നില്ല എന്നത് ലീഗിന്റെ നടത്തിപ്പ് എത്ര മികച്ചതാണെന്ന് കാണിച്ചു തരുന്നു.

ലീഗിൽ നിന്ന് ഇതേ കാരണം പറഞ്ഞ് പിന്മാറുന്ന മൂന്നാം ടീമാണ് എഫ് സി തൃശ്ശൂർ. ലീഗ് നടത്തിപ്പ് വൈകുന്നതിൽ മനം മടുത്ത് കോഴിക്കോട് ക്ലബായ ക്വാർട്സും, പിന്നീട് ലീഗിന് പകുതിക്ക് വെച്ച് എസ് ബി ഐയും ലീഗിൽ നിന്ന് പിന്മാറിയിരുന്നു. ക്വാർട്സ് ഒരു കളി പോലും കളിക്കാതെയും എസ് ബി ഐ കുറച്ച് മത്സരങ്ങൾ കളിച്ചുമായിരുന്നു പിന്മാറിയത്. എസ് ബി ഐയുടെ മത്സരങ്ങൾ റദ്ദാക്കിയതായി കെ എഫ് എ നേരത്തെ അറിയിച്ചിരുന്നു. എഫ് സി തൃശ്ശൂരിന്റെ മത്സരങ്ങൾ എന്ത് ചെയ്യുമെന്ന് വ്യക്തമല്ല.

ഇപ്പോഴും ലീഗിൽ ഉള്ള ഇന്ത്യൻ നേവി എന്ന ടീം ഇതുവരെ ഒരു മത്സരം കളിച്ചിട്ടില്ല. ഇനി നേവിയുടെ മത്സരങ്ങൾക്ക് വേണ്ടിയാണ് ലീഗ് നീട്ടി കൊണ്ടു പോകുന്നത്. സന്തോഷ് ട്രോഫിയിൽ താരങ്ങൾ കളിക്കുന്നതിനാലാണ് ഇന്ത്യൻ നേവിക്ക് കളിക്കാൻ കഴിയാത്തത്. നേവി വന്ന് ഗ്രൂപ്പ് മത്സരങ്ങൾ കഴിയുമ്പോയേക്ക് മെയ് പകുതിയോളം ആകും. എന്തായാലും തൃശ്ശൂർ കൂടെ പിന്മാറിയതോടെ കെ പി എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായി. ഇനി അടുത്ത സീസണിൽ കെ പി എൽ കളിക്കാൻ ക്ലബുകൾ തന്നെ ഉണ്ടാകും എന്ന് ഉറപ്പില്ല.

Advertisement