കൊച്ചി, ഒക്ടോബർ 8, 2025: വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവയിൽ പ്രീ-സീസൺ ക്യാമ്പിന് തുടക്കമിട്ടു. ഗോവയിലെ പാരാ ഗ്രൗണ്ടിലാണ് ടീം പരിശീലന സെഷനുകൾ ആരംഭിച്ചത്.

ഹെഡ് കോച്ച് ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ താരങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിലും ടീമിന്റെ ഏകോപനം മെച്ചപ്പെടുത്തുന്നതിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സീസണിലെ ആദ്യ പ്രധാന പോരാട്ടമായ സൂപ്പർ കപ്പിന് മുന്നോടിയായി ടീമിനൊപ്പം ചേർന്ന പുതിയ കളിക്കാർക്ക് ടീമുമായി പൊരുത്തപ്പെടാനുള്ള സുപ്രധാന അവസരം കൂടിയാണ് ഈ ക്യാമ്പ്. മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയും പരിശീലക സംഘവും ക്യാമ്പിനായി ഗോവയിലെത്തിയിട്ടുണ്ട്. വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, നോഹ സദൗയി, ദുസാൻ ലഗതോർ, പുതുതായി ടീമിലെത്തിയ സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയേറ്റ എന്നിവരും ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
ദേശീയ ടീമിന്റെ ഡ്യൂട്ടിയിലായതിനാൽ ഏതാനും ഇന്ത്യൻ താരങ്ങളെ കൂടാതെ ലഭ്യമായ മറ്റെല്ലാ താരങ്ങളും പരിശീലനത്തിനായി ഗോവയിലെത്തിയിട്ടുണ്ട്. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി സീനിയർ ഇന്ത്യൻ ദേശീയ ടീമിനൊപ്പമാണ് മധ്യനിര താരം ഡാനിഷ് ഫാറൂഖ്. കൂടാതെ, യുവതാരങ്ങളായ വിബിൻ മോഹനൻ, കോറോ സിംഗ്, ബികാഷ് യുമ്നം, മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമൻ, സുമിത് ശർമ്മ, ശ്രീകുട്ടൻ എം.എസ് എന്നിവർ ഇന്ത്യയുടെ അണ്ടർ-23 ടീമിനൊപ്പമാണ് ദേശീയ ഡ്യൂട്ടിയിലുള്ളത്.
ഗോവയിൽ ടീമിനൊപ്പം ചേർന്ന താരങ്ങൾ:
സച്ചിൻ സുരേഷ്, അർഷ് ഷെയ്ഖ്, നോറ ഫെർണാണ്ടസ്, അൽ സാബിത്ത്.
നവോച്ച സിംഗ്, ഐബാൻഭ ഡോഹ്ലിംഗ്, ഫ്രെഡി ലാൽവമ്മാവിയ, മുഹമ്മദ് അസ്ഹർ, സന്ദീപ് സിംഗ്, അമാവിയ, അമെ റാണവാഡെ, പ്രബീർ ദാസ്, ബികാഷ് സിംഗ്, നിഹാൽ സുധീഷ്, ഹോർമിപാം റുയിവാഹ്, അഡ്രിയാൻ ലൂണ, നോഹ സദൗയി, ദുസാൻ ലഗതോർ, കോൾഡോ ഒബിയേറ്റ