കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സ്റ്റേഡിയത്തിലെ പുൽത്തകിടിയുടെ നവീകരണ ജോലികൾ പൂർത്തിയാകാത്തതാണ് ക്ലബ്ബിനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഐഎസ്എൽ മത്സരങ്ങൾ നടത്തുന്നതിനായി കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ അധികൃതരുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

നിലവിൽ കോഴിക്കോട്ടെ ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ വൈകുന്നതാണ് കൊച്ചിയിലെ പ്രതിസന്ധിക്ക് കാരണം.
അർജന്റീന ദേശീയ ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് കൊച്ചി സ്റ്റേഡിയത്തിൽ വലിയ രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.
എന്നാൽ ആ സൗഹൃദ മത്സരം നടക്കാതെ പോയതും പണികൾ ഇഴഞ്ഞുനീങ്ങിയതും പിച്ച് മോശം അവസ്ഥയിലാകാൻ കാരണമായി. സീസണിന് ശേഷം സ്റ്റേഡിയത്തിന്റെ പരിപാലനം ബ്ലാസ്റ്റേഴ്സ് ഏറ്റെടുത്തിരുന്നെങ്കിലും, കളി തുടങ്ങാൻ പാകത്തിൽ പിച്ച് സജ്ജമാക്കാൻ സാധിച്ചിട്ടില്ല. ഐഎസ്എൽ മത്സരങ്ങളുടെ തീയതികൾ അടുത്തു വരുന്നതിനാൽ കൂടുതൽ വൈകാതെ തന്നെ ഒരു ബദൽ വേദി കണ്ടെത്തേണ്ട സമ്മർദ്ദത്തിലാണ് ക്ലബ്ബ്.
മത്സരങ്ങൾ കൊച്ചിയിൽ നിന്ന് മാറ്റുന്നത് ക്ലബ്ബിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. മറ്റൊരു സ്റ്റേഡിയം മത്സരത്തിനായി സജ്ജമാക്കുന്നതിനും അവിടുത്തെ വാടകയിനത്തിലും വലിയ തുക ചിലവാക്കേണ്ടി വരും. എങ്കിലും ടീമിന് മികച്ച രീതിയിൽ കളിക്കാൻ അനുയോജ്യമായ പിച്ച് അത്യാവശ്യമായതിനാലാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. മലബാറിലെ ഫുട്ബോൾ ആവേശം കണക്കിലെടുക്കുമ്പോൾ കോഴിക്കോട്ടോ മലപ്പുറത്തോ മത്സരങ്ങൾ നടക്കുന്നത് ആരാധകർക്ക് വലിയ ആവേശമാകും. എങ്കിലും ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിയിലേക്ക് എത്രയും വേഗം ടീമിന് മടങ്ങിയെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.









