സാമ്പത്തിക പ്രതിസന്ധി: ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് മാറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നു

Newsroom

Resizedimage 2026 01 16 12 16 30 1


ഐഎസ്എൽ 2025-26 സീസണിലെ തങ്ങളുടെ ഹോം മത്സരങ്ങൾ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് പകരം കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഗൗരവമായി ആലോചിക്കുന്നു. കൊച്ചി സ്റ്റേഡിയത്തിന്റെ ഭീമമായ വാടകയും മത്സരങ്ങൾക്കായി മൈതാനം ഒരുക്കുന്നതിനുള്ള വൻ ചെലവുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം.

Kerala Blasters

ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ഇത്തവണത്തെ ഐഎസ്എൽ സീസൺ ചുരുങ്ങിയ ഫോർമാറ്റിൽ നടക്കുന്നതിനാൽ, ആറോ ഏഴോ ഹോം മത്സരങ്ങൾക്കായി കൊച്ചിയിൽ വലിയ തുക ചെലവാക്കുന്നത് ക്ലബ്ബിന് ലാഭകരമാകില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ക്ലബ്ബ് അധികൃതർ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയവും മലപ്പുറം പയ്യനാട് സ്റ്റേഡിയവും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്.


നേരത്തെ ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭീക് ചാറ്റർജി കോഴിക്കോട്ട് മത്സരങ്ങൾ നടത്തുന്നതിലുള്ള താല്പര്യം വ്യക്തമാക്കിയിരുന്നു. വടക്കൻ കേരളത്തിലെ വലിയ ആരാധകവൃന്ദത്തിന് ടീമിന്റെ കളി നേരിട്ട് കാണാനുള്ള അവസരമൊരുക്കുക എന്നതും ക്ലബ്ബിന്റെ ലക്ഷ്യമാണ്. സൂപ്പർ ലീഗ് കേരള മത്സരങ്ങളിൽ കോഴിക്കോട് സ്റ്റേഡിയത്തിലെ ഗാലറി നിറഞ്ഞുകവിഞ്ഞത് ഐഎസ്എൽ അധികൃതരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇത്തവണത്തെ മത്സരങ്ങൾ ദൂരദർശനിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനാൽ സ്റ്റേഡിയത്തിന്റെ കാര്യത്തിൽ എഐഎഫ്എഫ് കർശനമായ എഎഫ്‌സി മാനദണ്ഡങ്ങൾ നിർബന്ധമാക്കില്ല എന്ന റിപ്പോർട്ടുകളും സ്റ്റേഡിയം മാറ്റത്തിന് ആക്കം കൂട്ടുന്നു.
എന്നിരുന്നാലും, ഇഎംഎസ് സ്റ്റേഡിയത്തിലെ പുല്ലിന്റെ നിലവാരവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

അടുത്തിടെ നടന്ന സൂപ്പർ ക്രോസ് മത്സരങ്ങൾ ഗ്രൗണ്ടിന്റെ അവസ്ഥ മോശമാക്കിയതിനാൽ മൈതാനം മത്സരസജ്ജമാക്കാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടി വരും. ഈ വെല്ലുവിളികൾ പരിഹരിച്ചാൽ മാത്രമേ അന്തിമ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട്ടേക്ക് മാറുകയാണെങ്കിൽ മലബാറിലെ ഫുട്ബോൾ ആരാധകർക്ക് അത് വലിയ ആഘോഷമാകും.