ചരിത്രത്തിലെ ആദ്യ കേരള ഡർബിയിൽ കാണാൻ ആയത് ഒരു ത്രില്ലർ. മത്സരം ഗോകുലം കേരള സ്വന്തമാക്കി എങ്കിലും 7 ഗോളുകൾ കളിയിൽ വന്നു. കൊൽക്കത്തയിൽ നടന്ന ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഐ ലീഗ് ഗോകുലം കേരള ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഗോകുലം വിജയിച്ചത്. ഒരു ഘട്ടത്തിൽ 4-1ന് പിറകിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. അവിടെ നിന്ന് തിരിച്ചു വന്ന 4-3ൽ എത്തിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകും. രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗോകുലം കേരള ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന് ഇത് ആദ്യ മത്സരമായിരുന്നു.
ഇന്ന് കളിയുടെ 17ആം മിനുട്ടിൽ ബൗബയിലൂടെ ഗോകുലം കേരളയാണ് ലീഡ് എടുത്തത്. നിലി പെദ്രോമോയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബൗമയുടെ ഗോൾ. ഈ ഗോളിന് ശേഷം ആക്രമിച്ചു കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ലൂണയിലൂടെയും ജസ്റ്റിനിലൂടെയും രണ്ട് തവണ ഗോളിന് അടുത്ത് എത്തി. പക്ഷെ സ്കോർ 1-0ൽ തുടർന്നു.
മത്സരത്തിന്റെ 35ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തി. ലൂണ എടുത്ത ഫ്രീകിക്ക് മാവിയ തടഞ്ഞെങ്കിലും നേരെ പോയത് നിഹാലിനു മുന്നിൽ. നിഹാലിന്റെ ഡൈവിംഗ് ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി. തുടർന്ന് ഒരു കൂട്ടപൊരിച്ചലിന്റെ ഒടുവിൽ ജസ്റ്റിനിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സമനില നൽകി. സ്കോർ 1-1
ഇതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. ഒരു കോർണറിൽ നിന്ന് ബിജോയ്ക്ക് ഒരു അവസരം കിട്ടി എങ്കിലും താരത്തിന്റെ ഹെഡർ പോസ്റ്റിന് മുകളിലൂടെ പുറത്ത് പോയി. 43ആം മിനുട്ടിൽ ശ്രീകുട്ടൻ ഗോകുലം കേരളക്ക് ലീഡ് തിരികെ നൽകി. സാഞ്ചസ് പെനാൾട്ടി ബോക്സിൽ നിന്ന് നൽകിയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ശ്രീകുട്ടന്റെ ഫിനിഷ്. താരത്തിന്റെ ഈ ഡ്യൂറണ്ട് കപ്പ് സീസണിലെ രണ്ടാം ഗോളാണിത്.
ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ അലെക്സ് സാഞ്ചസിലൂടെ ഗോകുലം തങ്ങളുടെ മൂന്നാം ഗോളും കണ്ടെത്തി. സ്കോർ 3-1. രണ്ടാം പകുതിയിൽ കളിയിലേക്ക് തിരികെ വരാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കും മുമ്പ് തന്നെ ഗോകുലം നാലാം ഗോൾ നേടി. ഒരു ലോംഗ് റേഞ്ചറിലൂടെ അഭിജിത്ത് ആണ് ഗോകുലത്തിന്റെ നാലാം ഗോൾ കണ്ടെത്തിയത്. സ്കോർ 4-1.
54ആം മിനുട്ടിൽ പ്രബീർ ദാസിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ കൂടെ മടക്കി. മുഹമ്മദ് ഐമന്റെ മികച്ച സ്കില്ലിന്റെ ഫലമായി വന്ന അവസരം പ്രബീർ ദാസ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. സ്കോർ 4-2.
ഇരുടീമുകൾ കളിയിൽ നിരവധി മാറ്റങ്ങൾ വരുത്തി എങ്കിലും സ്കോർ 4-2ൽ തുടർന്നു. 77ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോൾ കണ്ടെത്തി. അഡ്രിയാൻ ലൂണയുടെ ഫിനിഷ് സ്കോർ 4-3 എന്നാക്കി. ഇത് മത്സരത്തിന് ആവേശകരമായ അവസാന മിനുട്ടുകൾ നൽകി. എങ്കിലും നന്നായി ഡിഫൻഡ് ചെയ്ത് ഗോകുലം വിജയം ഉറപ്പിച്ചു.
ഗോകുലം കേരള ഇനി അടുത്ത മത്സരത്തിൽ ബെംഗളൂരു എഫ് സിയെ നേരിടും. എയർ ഫോഴ്സും ബെംഗളൂരു എഫ് സിയുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലെ അടുത്ത എതിരാളികൾ.