ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ ആയിഅ. ഇന്ന് ബെംഗളൂരു എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 2-2ന്റെ സമനിലയാണ് വഴങ്ങിയത്. ബെംഗളൂരു എഫ് സി പൂർണ്ണമായും അവരുടെ റിസേർവ്സ് സ്ക്വാഡുമായായിരുന്നു ഇറങ്ങിയത്. എന്നിട്ടും അവരെ പരാജയപ്പെടുത്താൻ ആകാത്തത് ബ്ലാസ്റ്റേഴ്സിന് വലിയ നിരാശ നൽകും. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ടത്.
ആദ്യ പകുതിയിൽ തുടക്കത്തിൽ തീർത്തും കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമാണ് കാണാൻ ആയത്. നിരവധി അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. എന്നിട്ടും ഒരു ഗോൾ മാത്രമേ നേടാൻ ആയുള്ളൂ എന്നത് ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ നിരാശ.
യുവ വിദേശ താരം ജസ്റ്റിൻ കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ പകുതിയിൽ നിറഞ്ഞു കളിച്ചു. 14ആം മിനുട്ടിൽ വിപിൻ മോഹനന്റെ അസിസ്റ്റിൽ നിന്ന് ജസ്റ്റിൻ തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ലീഡും നൽകിയത്. ജസ്റ്റിന്റെ പാസിൽ നിന്ന് ഡാനിഷ് ഫറൂഖിന് ലീഡ് ഉയർത്താൻ അവസരം ലഭിച്ചു എങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല.
38ആം മിനുട്ടിൽ ബെംഗളൂരു എഫ് സിക്ക് ലഭിച്ച അവരുടെ ആദ്യ ചാൻസ് തന്നെ ലക്ഷ്യത്തിൽ എത്തിച്ച് എഡ്മുണ്ട് ലാൽറണ്ടിക ബെംഗളൂരു എഫ് സിക്ക് സമനില നൽകി. ആദ്യ പകുതി 1-1 എന്ന നിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിലും രണ്ടാം ഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. ബെംഗളൂരു യുവനിര ആകട്ടെ കൂടുതൽ കളിയിലേക്ക് വളരുകയും ചെയ്തു.
52ആം മിനുട്ടിൽ ഗോൾ ലൈൻ വിട്ടു വന്ന സച്ചിൻ സുരേഷിനെ മറികടന്ന് ആശിഷ് ബെംഗളൂരു എഫ് സിക്ക് ലീശ് നൽകി. സ്കോർ 2-1. കേരള ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്താൻ ആയി ഇഷാൻ പണ്ടിതയെ കളത്തിൽ എത്തിച്ചു. ഹോർമിപാം ഇതിനിടയിൽ ചുവപ്പ് കണ്ട് പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
84ആം മിനുട്ടിൽ യുവതാരം മുഹമ്മദ് ഐമൻ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി. ഐമന്റെ ഒരു ക്ലവർ ഫിനിഷ് 84ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് സമനില നൽകി. സ്കോർ 2-2. ഈ സമനില കേരള ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ്. 2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സിനും ബെംഗളൂരുവിനും 2 പോയിന്റ് വീതം മാത്രമാണുള്ളത്. ഈ ഫലത്തോടെ ഗോകുലം കേരള 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് കടന്നു. ബ്ലാസ്റ്റേഴ്സ് ഇനി അവസാന മത്സരത്തിൽ എയർഫോഴിനെ നേരിടും. ഗോകുലത്തിന് അടുത്ത എതിരാളികൾ ബെംഗളൂരു എഫ് സിയാണ്.