എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിന് പിന്നാലെ ഡാനിഷ് പരിശീലകൻ കസ്പർ ഹ്യൂൾമാൻഡിനെ പുതിയ പരിശീലകനായി ബയെർ ലെവർകൂസെൻ നിയമിച്ചു. 2027 വരെയാണ് കരാർ. 53-കാരനായ മുൻ ഡെൻമാർക്ക് ദേശീയ ടീം പരിശീലകൻ ബയേർ ലെവർകൂസെൻ ക്ലബ്ബിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ താൻ അഭിമാനിക്കിന്നു എന്ന് പറഞ്ഞു. യുവതാരങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ ആവേശം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021 യൂറോ സെമിഫൈനലിൽ ഡെൻമാർക്കിനെ എത്തിച്ച ഹ്യൂൾമാൻഡിന് അന്താരാഷ്ട്ര തലത്തിലും ബുണ്ടസ് ലീഗയിലും അനുഭവസമ്പത്തുണ്ട്. 2014-15 സീസണിൽ അദ്ദേഹം മെയിൻസ് ക്ലബ്ബിന്റെ പരിശീലകനായിരുന്നു.
ടെൻ ഹാഗിനെ നിയമിച്ചതിൽ ക്ലബ്ബിന് പിഴവ് സംഭവിച്ചെന്ന് ബയേർ ലെവർകൂസെൻ സ്പോർട്ടിങ് ഡയറക്ടർ സൈമൺ റോൾഫ്സ് സമ്മതിച്ചു. കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ ടീമിന് ഈ സീസണിന്റെ തുടക്കത്തിൽ തിരിച്ചടി നേരിട്ടിരുന്നു. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ലക്ഷ്യമിടുന്ന ലെവർകൂസെൻ, ഹ്യൂൾമാൻഡിന് കീഴിൽ ഒരു പുതിയ കളി ശൈലി രൂപപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിനെതിരായ മത്സരത്തിൽ ഹ്യൂൾമാൻഡ് ആദ്യമായി ടീമിന്റെ പരിശീലകനായി ബഞ്ചിലിരിക്കും. അതിനുശേഷം കോപ്പൻഹേഗനെതിരെ ചാമ്പ്യൻസ് ലീഗിൽ ലെവർകൂസെൻ ഇറങ്ങും.