ജോബി ജസ്റ്റിൻ ഇനി ഐ എസ് എല്ലിൽ, വൻ തുകയ്ക്ക് എ ടി കെ കൊൽക്കത്ത സ്വന്തമാക്കി

- Advertisement -

ഐ ലീഗിൽ മിന്നുന്ന ഫോമിൽ കളിച്ച മലയാളി താരം ജോബി ജസ്റ്റിൻ ഇനി ഐ എസ് എല്ലിൽ കളിക്കും. നിരവധി ക്ലബുകൾ വലവീശിയെങ്കിലും എ ടി കെ കൊൽക്കത്ത ആണ് ജോബി ജസ്റ്റിനെ സ്വന്തമാക്കിയിരിക്കുന്നത്. ജോബി എ ടി കെയുമായി കരാർ ഒപ്പിട്ടതായി ഔദ്യോഗിക സ്ഥിതീകരണം വന്നു. ഈസ്റ്റ് ബംഗാൾ താരമായിരുന്ന ജോബിക്കായി എ ടി കെ വൻ തുക നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സീസൺ കഴിഞ്ഞ് മാത്രമെ തീരുമാനം എടുക്കു എന്നായിരുന്നു ജോബി പറഞ്ഞത്.

ഏകദേശം 90 ലക്ഷത്തോളമാണ് ജോബിക്കായി എ ടി കെ കരാർ വാഗ്ദാനം ചെയ്തത് എന്നാണ് അറിയാൻ കഴിയുന്നത്. ഈ കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി 9 ഗോളുകൾ ജോബി നേടിയിട്ടുണ്ട്. ഈസ്റ്റ് ബംഗാളിന്റെ ഈ സീസണിലെ ടോപ് സ്കോററും ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്കോററുമായാണ് ജോബി ജസ്റ്റിൻ സീസൺ അവസാനിപ്പിച്ചത്.

ഇന്ത്യൻ ടീമിന്റെ ഭാവി ആകും എന്ന് കരുതപ്പെടുന്ന താരമാണ് ജോബി ജസ്റ്റിൻ. കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചും പിന്നീട് കെ എസ് ഇ ബിക്ക് വേണ്ടി കേരള പ്രീമിയർ ലീഗ് കളിച്ചും ഒക്കെ ശ്രദ്ധ നേടിയ താരം കൂടിയാണ് ജോബി ജസ്റ്റിൻ.

Advertisement