വരുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് ഉള്ള ബ്രസീൽ ടീമിൽ നിന്നു ഗംഭീര ഫോമിലുള്ള ആഴ്‌സണൽ താരങ്ങൾ ആയ ഗബ്രിയേൽ ജീസുസ്, ഗബ്രിയേൽ മാർട്ടിനെല്ലി, പ്രതിരോധ താരം ഗബ്രിയേൽ എന്നിവർ ഇടം പിടിക്കാത്തത് അവർക്ക് വിശ്രമം നൽകാൻ ആണ് എന്ന് സൂചന. ആഴ്‌സണൽ ഫുട്‌ബോൾ ഡയറക്ടർ എഡുവിന്റെ അഭ്യർത്ഥന പ്രകാരം ആണ് ഇത്തരം ഒരു തീരുമാനം ബ്രസീൽ പരിശീലകൻ ടിറ്റെ എടുത്തത് എന്നാണ് റിപ്പോർട്ടുകൾ.
മുൻ ബ്രസീലിയൻ, ആഴ്‌സണൽ താരമായ എഡുവും പരിശീലകൻ ടിറ്റെയും ബ്രസീൽ ബോർഡും ആയി വലിയ അടുപ്പം ആണ് ഉള്ളത്. ബ്രസീലിന്റെ മുൻ ഫുട്‌ബോൾ ഡയറക്ടർ കൂടിയായിരുന്നു എഡു. താരങ്ങൾക്ക് വിശ്രമം വേണം എന്ന കാര്യത്തിൽ എഡുവിന്റെ അഭിപ്രായത്തോട് ടിറ്റെ യോജിക്കുക ആയിരുന്നു. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി അടക്കമുള്ള പുതിയ താരങ്ങളെ ടീമിൽ പരീക്ഷിക്കണം എന്ന ചിന്തയും താരങ്ങൾക്ക് വിശ്രമം നൽകിയതിന് പിറകിൽ ഉണ്ട്.