ചെൽസിയിലേക്ക് ചേക്കേറുന്ന ജാവോ ഫെലിക്‌സിന് പകരക്കാരനെ എത്തിക്കാൻ അത്ലറ്റികോ മാഡ്രിഡ് ശ്രമം ആരംഭിച്ചു. ബാഴ്‌സലോണ താരം മേംഫിസ് ഡീപെയ് ആണ് ടീം നോട്ടമിട്ട താരങ്ങളിൽ ഒരാളെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. കൈമാറ്റ സാധ്യതയെ കുറിച്ചു അത്ലറ്റികോ മാഡ്രിഡ് ആരാഞ്ഞതായും ഈ വാരം തന്നെ ടീമുകൾ തുടർ ചർച്ചകൾ നടത്തിയേക്കും എന്നും റിപോർട്ടിൽ പറയുന്നു.
കൈമാറ്റം ഏതു രീതിയിൽ ആവും എന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലോണിൽ താരത്തെ എത്തിക്കാൻ തന്നെ ആവും അത്ലറ്റികോയുടെ ശ്രമം. ഫിനാൻഷ്യൽ ഫെയെർപ്ലെയിൽ മുതൽകൂട്ടാവും എന്നതിനാലാണ് ബാഴ്‌സലോണക്ക് ഈ കൈമാറ്റത്തിൽ താൽപര്യം ഉണ്ടാവുക. ലീഗിൽ അതീവ നിർണായ ഘട്ടത്തിലൂടെ പോകുന്ന ബാഴ്‌സക്ക്, കിരീടം എന്ന സാധ്യത നിലനിർത്തണമെങ്കിൽ ഡച്ച് താരത്തിന്റെ സാന്നിധ്യം ബെഞ്ചിൽ പലപ്പോഴും തുണ ആയേക്കും എന്നതും വസ്തുതയാണ്. എന്നാൽ നിശ്ചിത തുക മുടക്കാൻ അത്ലറ്റികോ തയ്യാറായാൽ ബാഴ്‌സ മറ്റൊന്നും പരിഗണിച്ചെക്കില്ല. സീസണിന്റെ തുടക്കത്തിലും മെംഫിസ് ബാഴ്‌സലോണ വിടാൻ ശ്രമിച്ചിരുന്നെങ്കിലും മികച്ച ടീമുകളിൽ നിന്നും ഓഫർ വരാത്തതിനാൽ ക്യാമ്പ്ന്യൂവിൽ തന്നെ തുടരുകയായിരുന്നു.
സീസണിന് ശേഷം ജാവോ ഫെലിക്‌സ് തിരികെ വരും എന്നതിനാലാണ് തൽക്കാലം പകരക്കാരെ ലോണിൽ എത്തിക്കാൻ അത്ലറ്റികോ ശ്രമിക്കുന്നതും. മേംഫിസ് അല്ലെങ്കിൽ സിമിയോണിയുടെ അജണ്ടയിൽ ഉള്ള മറ്റ് താരങ്ങൾ ആരൊക്കെ എന്ന് വെളിപ്പെടുത്തിയിട്ടില്ല.