വനിതാ ലീഗിൽ ഗോകുലത്തിന്റെ പെൺപട ഇന്നിറങ്ങുന്നു

Newsroom

Picsart 25 02 02 00 06 24 578

കോഴിക്കോട്: ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിൽ ജയം തുടരാൻ ഗോകുലം കേരളയുടെ പെൺപട ഇന്ന് കളത്തിലിറങ്ങുന്നു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയിൽനിന്നുള്ള ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ഈസ്റ്റ് ബംഗാൾ. അതിനാൽ ശക്തമായി പൊരുതിയാൽ മാത്രമേ ഇന്ന് എതിരാളികളെ വീഴ്ത്താൻ കഴിയൂ.

രണ്ട് തവണ ഗോകുലം വനിതാ ടീമിനെ ഐ.ഡബ്യൂ.എൽ കിരീടം ചൂടിക്കുന്നതിൽ നേതൃത്വം നൽകിയ ആന്റണി ആൻഡ്രൂസാണ് ഈസ്റ്റ് ബംഗാൾ ടീമിനെ പരീശിലിപ്പിക്കുന്നത്. ” എതിരാളികൾ ശക്തരാണ് എന്ന ധാരണ ടീമിനുണ്ട്. മത്സരത്തിന്റെ അവസാന നിമിഷം വരെ ജയത്തിനായി പൊരുതുക. എതിർ മുന്നേറ്റങ്ങളെ തുടക്കത്തിലേ തടയിടാൻ പ്രതിരോധത്തിന്റെ ശക്തികൂട്ടുക” തുടങ്ങിയ പദ്ധതികളാണ് ഗ്രൗണ്ടിൽ നടപ്പാക്കാൻ ഉദ്ദേശ്യക്കുന്നത്. പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി.

നിലവിൽ പരുക്കും മറ്റുമില്ലാത്തതിനാൽ ടീമിനെ കുറിച്ച് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലു മത്സരത്തിൽനിന്ന് എട്ടു പോയിന്റുള്ള ഗോകുലം കേരള ഇപ്പോൾ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. 12 പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് ഒന്നാം സ്ഥാനത്ത്. അവസാന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഹോപ്‌സ് ഫുട്‌ബോൾ ക്ലബിനെ തോൽപ്പിച്ചാണ് ഗോകുലം എത്തുന്നത്.

വൈകീട്ട് 4നാണ് മത്സരം. മത്സരം വീക്ഷിക്കാൻ സൗജന്യമായി സ്‌റ്റേഡിയത്തിൽ പ്രവേശിക്കാനാകും.