ഇറ്റലിയും ജർമ്മനിയും തമ്മിലുള്ള സൗഹൃദ മത്സരം ഒടുവിൽ ഉപേക്ഷിച്ചു. മാർച്ച് 31നായിരുന്നു ജർമ്മനി -ഇറ്റലി മത്സരം നടക്കാനിരുന്നത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളും നിർത്തി വെച്ചതിന് പിന്നാലെയാണ് സൗഹൃദ മത്സരവും ഉപേക്ഷിച്ചത്. ഇതിന് മുൻപ് അടച്ചിട്ട സ്റ്റേഡിയത്തിൽ കളി നടക്കുമെന്ന് ജർമ്മനി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇറ്റലിയിലെ കൊറോണ വൈറസ് ബാധ കണ്ട് ഒഴിവാക്കുകയായിരുന്നു .
ജർമ്മൻ ലീഗിലും ഫുട്ബോൾ മത്സരങ്ങൾ നടക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വരുന്നതിനെ തുടർന്ന് ജർമ്മൻ ലീഗും മാറ്റി വെക്കുകയായിരുന്നു. ഇറ്റലിക്ക് വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെ മാർച്ച് 27നു മറ്റൊരു മത്സരമുണ്ടായിരുന്നു. അത് മുൻപ് തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂറംബർഗിലെ ജർമ്മനി -ഇറ്റലി മത്സരവും ഉപേക്ഷിക്കുന്നത്.