കൊച്ചി, ഒക്‌ടോബര്‍ 14, 2022: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, 2022-23 ഐഎസ്എല്‍ സീസണിനുള്ള തങ്ങളുടെ ഔദ്യോഗിക ആരോഗ്യ പങ്കാളികളായി വെല്‍കെയര്‍ ഹോസ്പിറ്റലിനെ പ്രഖ്യാപിച്ചു. എറണാകുളത്തെ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ചെലവില്‍, ഗുണമേന്മയുള്ള ആരോഗ്യപരിചരണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രമുഖ സ്ഥാപനമാണ് വെല്‍കെയര്‍ ഹോസ്പിറ്റല്‍. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിചരണ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്, ഈ രംഗത്തെ മികച്ച നിലവാരത്തിലുള്ള സാങ്കേതികവിദ്യയുടെ സവിശേഷമായ സംയോജനം വെല്‍കെയര്‍ ആശുപത്രിയിലുണ്ട്. ഗ്യാസ് സ്‌കാവഞ്ചിങ് സംവിധാനങ്ങളോടുകൂടിയ ആറ് അത്യാധുനിക സജ്ജീകരണങ്ങളുള്ള മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകളും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി ആരോഗ്യ പങ്കാളികളെന്ന നിലയില്‍ സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് വെല്‍കെയര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ആര്‍ സനില്‍ കുമാര്‍ പറഞ്ഞു. കളിക്കളത്തിലെ വൈദ്യസംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കെബിഎഫ്‌സിയെ പിന്തുണയ്ക്കാന്‍ വെല്‍കെയറിന് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ടീമിന്റെ വിജയത്തിന് ഞങ്ങള്‍ എല്ലാവിധ ആശംസകളും നേരുന്നു, ഈ സീസണില്‍ ടീം ഐഎസ്എല്‍ ചാമ്പ്യന്‍മാരാവുന്നതിന് ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെൽകെയർ ഹോസ്പിറ്റല്‍ ഞങ്ങളുടെ ആരോഗ്യ പങ്കാളികളായി വരുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കാന്‍, ഞങ്ങളുടെ കളിക്കാര്‍ക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ പിന്തുണയും ഉപദേശവും വളരെ പ്രധാനമാണ്. ഇത് ആരോഗ്യകരമായ ഒരു മത്സരത്തിന് ഞങ്ങളുടെ കളിക്കാരെ സഹായിക്കും. കളിക്കാര്‍ക്ക് വളരെ ആവശ്യമായ മുന്‍നിര ആരോഗ്യ സേവനങ്ങള്‍ നിലനിര്‍ത്താന്‍, വെല്‍കെയര്‍ ഹോസ്പിറ്റലും അവരുടെ സംഘവും സഹായിക്കുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ടെന്നും നിഖില്‍ ഭരദ്വാജ് പറഞ്ഞു.