വി പി സുഹൈർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എന്ന് സൂചന

- Advertisement -

മോഹൻ ബഗാന്റെ മുന്നേറ്റ നിരയിൽ ഈ സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച വി പി സുഹൈർ ഒരു വലിയ ട്രാൻസ്ഫറിന് അടുത്താണ് എന്ന് വാർത്തകൾ. സുഹൈറിനെ കേരളത്തിന്റെ ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കും എന്നാണ് വാർത്തകൾ. സുഹൈറിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു കഴിഞ്ഞു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

താരം അവസാന കുറച്ചു കാലമായി ഈസ്റ്റ് ബംഗാളുമായി ചർച്ചയിലായിരുന്നു. താരം ഈസ്റ്റ് ബംഗാളിലേക്ക് പോകും എന്ന് തന്നെയാണ് കരുതിയതും. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫർ വന്നതോടെ സുഹൈർ കേരളത്തിലേക്ക് മടങ്ങിവരാൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവസാന സീസണിൽ ഗോകുലം വിട്ടായിരുന്നു സുഹൈർ ബഗാനിൽ എത്തിയത്. ബഗാനു വേണ്ടി നിർണായക ഗോളുകൾ നേടിയും ഗോളുകൾ ഒരുക്കിയും സുഹൈർ ഈ സീസണിൽ താരമായി. ബഗാനൊപ്പം ഐ ലീഗ് കിരീടത്തിലും സുഹൈർ മുത്തമിട്ടു.

ബഗാനിൽ എത്തും മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിൽ സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായും തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement