കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈ സീസണിലെ മൂന്നാം മത്സരത്തിനായി ഇറങ്ങും. ഹൈദരബാദിൽ വെച്ച് പുതിയ ക്ലബായ ഹൈദരാബാദ് എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. മുംബൈ സിറ്റിക്ക് എതിരെയേറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്ന് കരകയറുകയാകും ഈൽകോ ഷറ്റോരിയുടെ ഇന്നത്തെ ലക്ഷ്യം. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒരു ഡിഫൻസീവ് പിഴവായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്.
വളരെ മോശം ഫോമിൽ ഉള്ള ഹൈദരബാദിനെ മറികടക്കാൻ ആകും എന്ന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് കരുതുന്നത്. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും വലിയ പരാജയങ്ങൾ ഹൈദരാബാദ് നേനേരിടേണ്ടി വന്നിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്നായി 8 ഗോളുകൾ ഫിൽ ബ്രൗണിന്റെ ടീം വഴങ്ങി. എങ്കിലും ഹൈദരബാദിന് ഇന്ന് ഹോം ഗ്രൗണ്ടിന്റെ മുൻതൂക്കം ഉണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കാര്യമായ മാറ്റങ്ങളുമായാകും ഇറങ്ങുക. ഗോൾ കീപ്പർ രെഹ്നേഷ് ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. ഒപ്പം സഹൽ അബ്ദുൽ സമദ്, രാഹുൽ എന്നിവരും ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ഫോമിൽ ഇല്ലാത്ത പ്രശാന്ത്, നർസാരി എന്നിവരെ ബെഞ്ചിലേക്ക് മാറ്റിയേക്കും. രാത്രി 7.30നാണ് മത്സരം നടക്കുക.