വാസ്കസിന്റെ മാജിക്ക്, ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിൽ ഒന്നാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരബാദ് എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഐ എസ് എൽ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ. ആല്വാരോ വാസ്കസിന്റെ അത്ഭുത ഗോൾ ആണ് ഹൈദരബാദിന് എതിരെ ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്.

മികച്ച രീതിയിലാണ് ആദ്യ പകുതിയിൽ തന്നെ രണ്ടു ടീമുകളും കളിച്ചത്‌. തുടർ ആക്രമണങ്ങൾ ആണ് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഹൈദരാബാദിന് മികച്ച അവസരം ലഭിച്ചു. ഗാർസിയ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല അവസരം വന്നത് 23ആം മിനുട്ടിൽ ആണ് വന്നത്. വലതു വിങ്ങിൽ നിന്ന് ഹോർമിപാം നൽകിയ ക്രോസ് ഡിയസ് ഒരു ഡൈവിങ് ഹെഡറിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. പക്ഷെ കട്ടിമണിയുടെ ലോക നിലവാരമുള്ള സേവ് ഹൈദരബാദിനെ രക്ഷിച്ചു.

അതിനു ശേഷം ലൂണയുടെ ഒരു ക്രോസിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരം ലഭിച്ചു. ലൂണയുടെ ക്രോസ് മനോഹരമായി സഹൽ നിയന്ത്രിച്ചു എങ്കിലും സഹൽ നൽകിയ പാസ് പൂടിയക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇതിനു ശേഷവും ബ്ലാസ്റ്റേഴ്സ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അവസാനം 43ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ഖാബ്രയുടെ ത്രോ സഹൽ പിറകിലേക്ക് ഹെഡ് കൊണ്ട് ഫ്ലിക്ക് ചെയ്ത് നൽകി. അത് വാസ്കസ് ഒരു വോളിയിലൂടെ വലയിൽ എത്തിച്ചു. താരത്തിന്റെ സീസണിലെ നാലാം ഗോളാണിത്.

ആദ്യ പകുതിയുടെ അവസാന നിമിഷം ലെസ്കൊവിചിന്റെ ഒരു ക്ലിയറൻസ് ബ്ലാസ്റ്റേഴ്സിനെ ലീഡ് നിലനിർത്താൻ സഹായിച്ചു.

ഈ ലീഡ് നിലനിർത്താൻ ആയാൽ ഈ മത്സരത്തിന്റെ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തും.