ഫ്ലാഷ് എന്ന് വിളിപ്പേരുള്ള ഉദാന്ത സിംഗിന് ബെംഗളൂരു എഫ് സിയിൽ പുതിയ കരാർ. താരത്തെ 2023വരെ ക്ലബിൽ നിലനിർത്തുന്ന പുതിയ കരാറിൽ ഉദാന്ത ഒപ്പുവെച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ബെംഗളൂരു എഫ് സിയുടെ തുടക്കം മുതൽ ക്ലബിനൊപ്പം ഉള്ള താരമാണ് ഉദാന്ത. 23കാരനായ ഉദാന്തയെ ഛേത്രിക്ക് ഒപ്പം ക്ലബിന്റെ മുഖമായാണ് ബെംഗളൂരു എഫ് സി കണക്കാക്കുന്നത്.
2014 മുതൽ ബെംഗളൂരുവിനൊപ്പം ഉള്ള ഉദാന്ത ക്ലബിനു വേണ്ടി നൂറോളം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. ഐ എസ് എല്ലിൽ മാത്രം 57 മത്സരങ്ങൾ ബെംഗളൂരു എഫ് സിക്കായി കളിച്ചിട്ടുള്ള അദ്ദേഹം ഏഴു ഗോളുകളും 10 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ ഇത്തിരി നിറം മങ്ങി എങ്കിലും ഉദാന്തയിൽ ഇപ്പോഴും ബെംഗളൂരുവിന് വലിയ പ്രതീക്ഷകൾ ഉണ്ട്. ബെംഗളൂരു എഫ് സിക്ക് ഒപ്പം ഇതുവരെ ആറു കിരീടങ്ങൾ ഉദാന്ത സ്വന്തമാക്കിയിട്ടുണ്ട്.