ഒരിക്കൽ കൂടെ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ത്യയിൽ എത്തിയിരിക്കുന്നു. ജംഷദ്പൂരിന്റെ സീനിയർ ടീമുമായി സഹകരിക്കാൻ നേരത്തെ ധാരണയിൽ എത്തിയ അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ അവരുടെ അക്കാദമി കൂടെ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇരു ക്ലബുകളും തമ്മിലുള്ള സഹകരണം ഔദ്യോഗികമായി ഇന്ന് ഡെൽഹിയിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.
ജംഷദ്പൂർ എഫ് സിയുടെ അക്കാദമിയായ ടാറ്റ ഫുട്ബോൾ അക്കാദമിക്കൊപ്പം ഇനി അത്ലറ്റിക്കോ മാഡ്രിഡും ഉണ്ടാകും. അക്കാദമിക്ക് വേണ്ട നൂതന സൗകര്യങ്ങളും വിദേശത്തിലെ വിദഗ്ദരുടെ പരിശീലനവും ഒക്കെ സ്പാനിഷ് ക്ലബ് ടാറ്റ അക്കാദമിക്ക് നൽകും. ഇനി മുതൽ ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പേര് ടാറ്റ അത്ലറ്റിക്കോ അക്കാദമി എന്നായിരിക്കും.
നേരത്തെ ജംഷദ്പൂർ എഫ് സി മാനേജ്മെന്റ് മാഡ്രിഡിൽ ചെന്ന് ചർച്ചകൾ നടത്തിയ ശേഷമായിരുന്നു ഇരു ക്ലബുകളും സഹകരണം ആരംഭിച്ചത്. ജംഷദ്പൂരിന്റെ പരിശീലകനായ ഫെറാണ്ടോയെയും വിദേശ താരങ്ങളെയും ജംഷദ്പൂരിൽ എത്തിക്കുന്നതിൽ അത്ലറ്റിക്കോ മാഡ്രിഡ് വലിയ പങ്കു വഹിച്ചിരുന്നു. കഴിഞ്ഞ പ്രീസീസണ് ജംഷദ്പൂരിന് സൗകര്യങ്ങൾ ഒരുക്കിയതും അത്ലറ്റിക്കോ മാഡ്രിഡ് ആയിരുന്നു.