ചൈനീസ് വനിത ടെന്നീസ് താരത്തിന്റെ തിരോധാനം, വമ്പൻ പ്രതിഷേധം ഉയർത്തി ടെന്നീസ് ലോകം

Screenshot 20211120 200016

മുൻ ചൈനീസ് ഒന്നാം നമ്പർ താരമായ പെങ് ശൂവിന്റെ തിരോധാനവും ആയി ബന്ധപ്പെട്ട് ചൈനയും ആയി തുറന്ന യുദ്ധം പ്രഖ്യാപിച്ചു ടെന്നീസ് ലോകം. നവംബർ 2 നു സാമൂഹിക മാധ്യമത്തിലൂടെ മുൻ ചൈനീസ് വൈസ് പ്രീമിയറിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ശേഷമാണ് താരത്തിന്റെ കാണാതാവൽ. താനുമായി മുമ്പ് ബന്ധം പുലർത്തിയിരുന്ന മുൻ ചൈനീസ് വൈസ് പ്രീമിയറായ ഷാങ് ഗോളി തന്നെ മൂന്നു വർഷം മുമ്പ് വീട്ടിൽ ഭാര്യയും അദ്ദേഹവും ഒന്നിച്ചു ടെന്നീസ് കളിക്കാൻ ആയി വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് താരം തുറന്നു പറഞ്ഞത്. തെളിവുകൾ തനിക്ക് ഹാജരാക്കാൻ ആവില്ല എങ്കിലും ഇത് തുറന്നു പറയാൻ താൻ നിർബന്ധിത ആവുകയാണ് എന്നു കൂടി താരം പറഞ്ഞു. കടുത്ത സെൻസർഷിപ്പ് നിലനിൽക്കുന്ന ചൈനീസ് സാമൂഹിക മാധ്യങ്ങളിൽ ഉടൻ തന്നെ ഈ പോസ്റ്റ് പിൻവലിക്കപ്പെട്ടു. തുടർന്ന് ആണ് താരത്തെക്കുറിച്ച് ലോകത്തിനു ഒരു വിവരവും ഇല്ലാതായി മാറുന്നത്. മുൻ ചൈനീസ് സർക്കാർ ഉന്നതനു എതിരെയുള്ള ആരോപണം താരത്തിന്റെ ജീവന് തന്നെ ഭീഷണി ആയോ എന്ന ചിന്തയാണ് പലർക്കും. തുടർന്ന് ആണ് താരത്തിന് ആയി സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രമുഖ ടെന്നീസ് താരങ്ങൾ അടക്കം ശബ്ദം ഉയർത്തിയത്.

ഡബ്യു.ടി.എ ഡബിൾസ് ഫൈനൽസ് ജയിച്ച ശേഷം ലോകത്തിലെ തന്നെ മികച്ച ഡബിൾസ് താരമായ പെങിനു വേണ്ടി വികാരപരിതമായ പ്രസംഗം ആണ് ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ ക്രജികോവ നടത്തിയത്. നിലവിൽ #WhereIsPengShuai എന്ന ഹാഷ്ടാഗ് ലോകത്ത് അങ്ങോളം ഇങ്ങോളം ട്രെന്റിങ് ആയി കഴിഞ്ഞു. ഈ ഹാഷ്ടാഗിൽ ലോക ഒന്നാം നമ്പർ ആയ നൊവാക് ജ്യോക്കോവിച്ച്, ഇതിഹാസ താരം സെറീന വില്യംസ്, ആന്റി മറെ, ബില്ലി ജീൻ കിങ് തുടങ്ങി ടെന്നീസിലെ വലിയ താരങ്ങൾ എല്ലാം താരത്തിന്റെ തിരോധാനത്തിനു എതിരെ ശബ്ദം ഉയർത്തിയിട്ടുണ്ട്. വനിത ടെന്നീസ് അസോസിയേഷൻ ആവട്ടെ താരത്തിന്റെ തിരോധാനത്തിനു ഉത്തരം വേണം എന്ന കടുത്ത നിലപാടിൽ ആണ്. ബിസിനസ് താൽപ്പര്യങ്ങളെക്കാൾ മനുഷ്യാവകാശം ആണ് തങ്ങൾ മുന്നോട്ട് വക്കുന്നത് എന്നു പ്രഖ്യാപിച്ച ഡബ്യു.ടി.എ ചൈനയിലെ തങ്ങളുടെ ടൂർണമെന്റുകൾ പിൻവലിക്കും എന്നും പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭ അടക്കം നിലവിൽ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിലവിൽ 2022 ൽ മാത്രം 10 ഡബ്യു.ടി.എ മത്സരങ്ങൾ ആണ് ചൈനയിൽ നടക്കേണ്ടത്. ഇത്തരം വലിയ പ്രതിഷേധങ്ങൾ ഫലം കാണുമോ താരത്തെ കണ്ടത്താൻ ആവുമോ എന്നൊക്കെ കണ്ടു തന്നെ അറിയണം.

Previous articleലെസ്റ്ററിനും തടയാനായില്ല, പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ചെൽസി
Next articleആവേശകരമായ ആദ്യ പകുതി, അഞ്ചു ഗോളുകൾ, സുഹൈറിന് രണ്ട് അസിസ്റ്റ്