മോണ്ടിനെഗ്രിൻ ഡിഫൻഡർ സ്ലാവ്കോ ഡാംജാനോവിച്ചിനെ ബെംഗളൂരു എഫ്.സി സ്വന്തമാക്കി. 30കാരനായ സെന്റർ ബാക്ക് ബെംഗളൂരു എഫ് സിയുടെ ഭാഗമായതായി ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഇന്ത്യയിലെ ഡാംജാനോവിചിന്റെ മൂന്നാമത്തെ ക്ലബ് ആകും ബെംഗളൂരു എഫ് സി.
“ബെംഗളൂരു എഫ്‌സി കുടുംബത്തിന്റെ ഭാഗമാകുന്നതിൽ ഞാൻ വളരെ സന്തോഷത്തിലാണ്. ക്ലബിന് മികച്ച സീസണുകൾ ആയിരുന്നു അവസാന രണ്ട് വർഷം, പക്ഷേ എന്നിട്ടും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടാത്തത് നിർഭാഗ്യകരമാണ്. എന്റെ ടീമംഗങ്ങളെയും കോച്ചിംഗ് സ്റ്റാഫിനെയും ആരാധകരെയുൻ കാണാൻ ഞാൻ കാത്തിരിക്കുകയാണ്.” തന്റെ കരാറിൽ ഒപ്പുവെച്ച ശേഷം ദംജാനോവിച്ച് പറഞ്ഞു.
നേരത്തെ 2021ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിന് വേണ്ടി താരം കളിച്ചിരുന്നു. ചെന്നൈയിലെ സീസണു ശേഷം, 2022 ഡിസംബറിൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് നോവി പസാറിനായി കളിക്കാൻ അദ്ദേഹം സെർബിയയിലേക്ക് മടങ്ങി. കഴിഞ്ഞ സീസണിൽ എ ടി കെ മോഹൻ ബഗാന്റെ താരമായിരുന്നു ഡാംജാനോവിച്.
2012/13 ൽ സെർബിയൻ ലീഗിൽ എഫ് കെ സ്പാർട്ടക് സുബോട്ടിക്കയിൽ നിന്നാണ് 28-കാരൻ തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. ഹംഗറി, ഉസ്ബെക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും സ്ലാവ്കോ കളിച്ചിട്ടുണ്ട്.