ഐഎസ്എൽ നോക്ഔട്ട് റൗണ്ടിലെ ആദ്യ സെമിക്ക് അരങ്ങുണരുമ്പോൾ ബെംഗളൂരു എഫ്സിയും മുംബൈ സിറ്റിയും ഏറ്റു മുട്ടുന്നു. ഇരു പാദങ്ങളിലായി നടക്കുന്ന സെമിയുടെ ആദ്യ മത്സരം മുംബൈയുടെ തട്ടകത്തിൽ വെച്ചാണ് നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 7.30 മത്സരം ആരംഭിക്കും.
സീസണിലെ ലീഗ് ഷീൽഡ് ജേതാക്കൾ ആയാണ് മുംബൈ സിറ്റിയുടെ വരവ്. ഷീൽഡ് ഉറപ്പിക്കുന്നത് വരെ അപരാജിത കുതിപ്പ് നടത്തിയ ടീം എന്നാൽ അവസാന രണ്ടു മത്സരങ്ങളിൽ ബംഗളൂരുവിനോട് അടക്കം തോൽവി നേരിട്ടു. എങ്കിലും സീസണിലെ ഏറ്റവും മികച്ച ടീമായ അവർക്ക് നിർണായക മത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചേക്കും. ഗോളടിച്ചു കൂട്ടി മുന്നേറിയ മുന്നേറ്റ നിര തന്നെയാണ് നീലപ്പടയുടെ കരുത്ത്. ചാങ്തെയും ബിപിനും പേരെര ഡിയാസിനും ഒപ്പം കളി മെനയാനും വല കുലുക്കാനും ഒരു പോലെ മികവുള്ള ഗ്രെഗ് സ്റ്റുവാർട് കൂടി എത്തുമ്പോൾ ബെംഗളൂരു പ്രതിരോധത്തിന് മത്സരം കഠിനം തന്നെ ആയിരിക്കും. ബെംഗളൂരുവിനെതിരെ തോൽവി നേരിട്ട മത്സരത്തിൽ സ്റ്റുവാർട് പുറത്തായിരുന്നു. കരുത്തരെ മുഴുവൻ അണിനിരത്തി മുംബൈ ടീം ഒരുങ്ങുമ്പോൾ സീസണിൽ തുടർന്ന് വന്ന ഫോം ആവർത്തിക്കാൻ തന്നെ ആവും അവർ ലക്ഷ്യമിടുന്നത്.
ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിവാദ മത്സരത്തിലെ വിജയവുമായാണ് ബെംഗളുരു എത്തുന്നത്. പുതുവർഷത്തിൽ ഗംഭീര ഫോം തുടരുന്ന ടീമിന് മുംബൈക്കെതിരെ ഇറങ്ങുമ്പോൾ കരുത്താകുന്നതും ഈ ഫോം തന്നെ. റോയ് കൃഷ്ണയും ശിവശക്തിക്കും പിറകിൽ ഹാവി ഹെർണണ്ടസിനെ അണിനിരത്തി തന്ത്രങ്ങൾ മെനയുന്ന ബെംഗളൂരു, ഒരിക്കൽ കൂടി ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയെ പകരക്കാരനായി എത്തിച്ച് മുന്നേറ്റത്തിന് കരുത്തു പകരും. രോഹിത് കുമാറും, സുരേഷ് വാങ്ജമും നയെറോം സിംങും അണിനിരക്കുന്ന മധ്യനിരയും ജോവനോവിച്ച് മുതൽ പോസ്റ്റിന് കീഴിൽ ഗുർപ്രീത് വരെ നീളുന്ന പ്രതിരോധവും കൂടി തിളങ്ങിയത് ലീഗ് ഷീൽഡ് ജേതാക്കളെ അവരുടെ തട്ടകത്തിൽ തന്നെ വീഴ്ത്തുന്നത് ബെംഗളൂരു സ്വപ്നം കാണുന്നുണ്ടാകും.