മോഹൻ ബഗാനുള്ള സഹലിന്റെ ഐ എസ് എൽ അരങ്ങേറ്റം ഗംഭീരമായി. ഇന്ന് കൊൽക്കത്തയിൽ വെച്ച് പഞ്ചാബ് എഫ് സിയെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചപ്പോൾ സഹൽ ആണ് താരമായത്. ഇന്ന് മോഹൻ ബഗാൻ നേടിയ രണ്ടു ഗോളുകളിൽ സഹലിന് വലിയ പങ്കുണ്ടായിരുന്നു. 10ആം മിനുട്ടിൽ കമ്മിൻസിന്റെ ഗോളിലൂടെ ആണ് മോഹൻ ബഗാൻ ലീഡ് എടുത്തത്. ഈ ഗോൾ സഹലിന്റെ അസിസ്റ്റ് ആയിരുന്നു.
35ആം മിനുട്ടിൽ പെട്രാറ്റോസിന്റെ ഗോളിൽ മോഹൻ ബഗാൻ ലീഡ് ഇരട്ടിയാക്കി. ലിസ്റ്റൺ കൊളാസോ ആയിരുന്നു ആ ഗോൾ ഒരുക്കിയത്. സ്കോർ 2-0. ഈ ഗോളിന് ശേഷം മോഹൻ ബഗാൻ അലസമായാണ് കുറച്ച് നേരം കളിച്ചത്. ഇത് പഞ്ചാബിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. അവർ രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ലൂകയിലൂടെ ഒരു ഗോൾ മടക്കി. പഞ്ചാബ് എഫ് സിയുടെ ഐ എസ് എൽ ചരിത്രത്തിലെ ആദ്യ ഗോളായി ഇത്.
ഇതിനു ശേഷം മോഹൻ ബഗാൻ കളിയുടെ നിയന്ത്രണം തിരിച്ചു പിടിക്കാനായി ചില മാറ്റങ്ങൾ നടത്തി. 64ആം മിനുട്ടിൽ സബ്ബായി എത്തിയ മൻവീർ സിംഗിലൂടെ ബഗാൻ മൂന്നാം ഗോൾ നേടി. ഈ ഗോൾ അസിസ്റ്റ് ചെയ്തത് പെട്രാറ്റോസ് ആണെങ്കിൽ ആ അവസരം സൃഷ്ടിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും സഹലിനായിരുന്നു. സഹൽ ആണ് പഞ്ചാബ് ഡിഫൻസിനെ തന്റെ മികച്ച ടേണുകളിലൂടെ മറികടന്ന് ഈ അവസരം സൃഷ്ടിച്ചത്.
ഈ ഗോൾ ബഗാന്റെ വിജയവും ഉറപ്പിച്ചു. ഇനി ബഗാൻ അടുത്ത മത്സരത്തിൽ ബെംഗളൂരുവിനെയും പഞ്ചാബ് എഫ് സി ഗോവയെയും നേരിടും.