കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന താരമായ സഹൽ അബ്ദുൽ സമദിനായി സൗദി പ്രൊ ലീഗ് ക്ലബുകൾ അന്വേഷണം നടത്തിയതായി റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ആധികാരികമായി വാർത്തകൾ നൽകുന്ന ട്വിറ്റർ സോഴ്സ് ആയ @RM_madridbabe ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സഹലിനായി സൗദി പ്രൊ ലീഗ് ക്ലബിൽ നിന്ന് പ്രാഥമിക അന്വേഷണം വന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതകൾ വിദൂരത്താണ്.
സഹലിനായി ഇപ്പോൾ ഐ എസ് എൽ ക്ലബുകളിൽ നിന്ന് തന്നെ റെക്കോർഡ് ട്രാൻസ്ഫർ ഫീയുടെ ഓഫറുകൾ ഉണ്ട്. സഹലും കേരള ബ്ലാസ്റ്റേഴ്സും ഇതുവരെ ഈ ഓഫറുകളിൽ തീരുമാനം എടുത്തിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഉൾപ്പെടെ സഹലിനായി ഓഫർ സമർപ്പിച്ചു കഴുഞ്ഞിട്ടുണ്ട്.
താരത്തെ വിൽക്കുന്നതും പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി, മുംബൈ സിറ്റി,ചെന്നൈയിൻ എന്നീ ക്ലബുകളാണ് സഹലിനായി രംഗത്തുള്ളത് എന്നാണ് റിപ്പോർട്ടുകൾ. 2025വരെയുള്ള കരാർ സഹലിന് കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്.
26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹലിന് അത്ര മികച്ച സീസൺ ആയിരുന്നില്ല. താരം അടുത്ത സീസണിൽ മികച്ച ഫോമിലേക്ക് തിരികെ വരും എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.