കേരള ബ്ലാസ്റ്റേഴ്‌സിൽ റിസർവ് ടീം തലം മുതൽ ആരാധകരുടെ കണ്മുന്നിൽ വളർന്ന താരമാണ് സഹൽ. സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി മിന്നുന്ന പ്രകടനത്തോടെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുമ്പോൾ മുതൽ താരത്തിന്റെ ഓരോ ചുവടിലും ആരാധരുടെ നിറഞ്ഞ പിന്തുണയും ഉണ്ടായിരുന്നു. ഒടുവിൽ അഞ്ച് വർഷങ്ങൾക്കിപ്പുറം മോഹൻ ബഗാനിലേക്ക് ചേക്കേറുന്ന സഹൽ, ടീമിനും ആരാധകർക്കും ഇതുവരെയുള്ള എല്ലാ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തന്റെ സന്ദേശം താരം അറിയിച്ചത്.
“എന്റെ ഈ വിഡിയോ എന്തിനെന്ന് എല്ലാർവർക്കും അറിയുമായിരിക്കും, ഞാൻ ബ്ലാസ്‌റ്റേഴ്‌സ് വിടുകയാണ്”, സഹൽ തുടർന്നു, “ഇത് ഫുട്ബോൾ ആണ്. അത് നമ്മളെ നയിക്കുന്ന പാതയിലൂടെ നമ്മൾക്ക് മുന്നോട്ടു പോകാനെ പറ്റുകയുള്ളൂ. ഞാനും അതേ വഴി പിന്തുടരുകയാണ്”. എന്നാൽ ഈ തീരുമാനം ഒട്ടും എളുപ്പമുള്ളതായിരുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു, “ഇത്രയും കാലം കളിച്ച ടീമിൽ നിന്നും പോവുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എന്നാൽ അതാണ് സത്യാവസ്ഥ”. പിന്നീട് സഹതരങ്ങൾക്കും ആരാധകർക്കും സഹൽ നന്ദി അറിയിച്ചു.
“ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന സഹതാരങ്ങൾ, അവർ പിന്നീട് സഹോദരങ്ങൾ ആയി മാറി. കൂടാതെ ക്ലബ്ബിലെ മറ്റ് സ്റ്റാഫ്. ബ്ലാസ്‌റ്റേഴ്‌സ് ഫാൻസ് മഞ്ഞപ്പട, ഞാൻ റിസർവ് ടീമിൽ ഉണ്ടായത് മുതൽ അവർ എന്നും പിന്തുണ നൽകി വരുന്നു. ഇനിയും അതുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇവരെയെല്ലാം ഞാൻ എന്നും ഓർക്കും. എന്നും ഹൃദയത്തിൽ തന്നെയാണ് ഇവർക്കെല്ലാം സ്ഥാനം”. കൂടുതലായി എന്താണ് സംസാരിക്കേണ്ടതെന്ന് അറിയില്ലെന്നും എന്നാൽ ഇങ്ങനെ ഒരു യാത്രപറച്ചിൽ വേണമെന്ന് തോന്നിയെന്നും പറഞ്ഞാൽ സഹലിന്റെ വീഡിയോ അവസാനിച്ചത്. മോഹൻ ബഗാനിലേക്ക് ചേക്കേറുന്ന താരത്തെ ആരാധകർ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ മിസ് ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.