സഹലിനെ എ ടി കെ റാഞ്ചുമെന്ന് അഭ്യൂഹങ്ങൾ പടച്ചുവിട്ട് കൊൽക്കത്ത പത്രങ്ങൾ

കേരള ഫുട്ബോൾ ആരാധകരുടെ ഇഷ്ട താരമായ സഹൽ അബ്ദുൽ സമദ് എ ടി കെ കൊൽക്കത്തയിലേക്ക് പോവുകയാണ് എന്ന അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ ഈ വാർത്തയ്ക്ക് ഒരു അടിസ്ഥാനവുമില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എ ടി കെ കൊൽക്കത്തയുടെ ആരാധക കൂട്ടമാണ് സഹലിന്റെ പേരിൽ ഈ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്. ഒരു ബംഗാൾ പത്രത്തിൽ വന്ന വാർത്തയാണ് ഇതിനടിസ്ഥാനം.

ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാനുമായി ലയിച്ചതോടെ വലിയ ട്രാൻസ്ഫറുകൾ നടത്താൻ ഒരുങ്ങുകയാണ്. എന്നാൽ ആ ലിസ്റ്റിൽ സഹൽ ഉണ്ടാവില്ല. ഈ കഴിഞ്ഞ സീസണിൽ സഹലിന് അവസരങ്ങൾ കുറവായിരുന്നു എങ്കിലും സഹലിന്റെ ഭാവി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം തന്നെയാണ് എന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരുതുന്നത്.

സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സ് കരാർ 2023 വരെ ഉണ്ട്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ തീരുമാനിച്ചാൽ അല്ലാതെ സഹലിനെ ആർക്കും ടീമിൽ എടുക്കാൻ ആവില്ല. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ട താരമാണ് സഹൽ എന്നതു കൊണ്ട് തന്നെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സഹലിനെ വിൽക്കാൻ യാതൊരു സാധ്യതയുമില്ല.