കളിച്ചത് ബ്ലാസ്റ്റേഴ്സ്, എന്നിട്ടും പൂനെ മുന്നിൽ

പൂനെയിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് പൂനെ സിറ്റി മുന്നിട്ട് നിൽക്കുന്നു. ആദ്യ പകുതി മുഴുവൻ മികച്ച പ്രകടനം കാഴ്ചവെച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിലും പൂനെ ഒരു വണ്ടർ ഗോളിൽ മുന്നിൽ എത്തുകയായിരുന്നു. കളി തുടങ്ങി 13ആം മിനുട്ടിൽ ഒരു ലോംഗ് റേഞ്ചറിൽ നിന്നായിരുന്നു പൂനെയുടെ ഗോൾ. വിദേശ താരം സ്റ്റാങ്കോവിചിന്റെ ഷോട്ട് നവീൻ കുമാറിന് തടയാൻ കഴിയുന്നതിലും സുന്ദരമായിരുന്നു.

ഗോളിന് ശേഷം തീർത്തും ആക്രമണത്തിലേക്ക് നീങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ പിറന്നില്ല. ആദ്യ പകുതിയിൽ മാത്രം 10 കോർണറുകൾ കേരള ബ്ലാസ്റ്റേഴ്സിന് കിട്ടി. പക്ഷെ സെറ്റ് പ്ലേ അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് മുതലെടുക്കാൻ ആയില്ല. 40ആം മിനുട്ടിൽ സഹൽ അബ്ദുൽ സമദിന്റെ ഷോട്ട് കഷ്ടപ്പെട്ട് കമൽജിത് സേവ് ചെയ്തു. അതിൽ നിന്ന് കിട്ടിയ കോർണറിൽ നിന്ന് നികോള ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തു എന്ന് കരുതി എങ്കിലും റഫറി ഗോൾ നിഷേധിച്ചു. ഗോൾ ആദ്യം റഫറി അനുവദിച്ചിരുന്നു എങ്കിലും പിന്നീട് റഫറി മലക്കം മറിയുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചു എങ്കിലും റഫറിയുടെ തീരുമാനം മാറിയില്ല.

45ആം മിനുട്ടിൽ ലെൻ ദുംഗലിന്റെ ഒരു ഷോട്ടും കമൽജിത് രക്ഷപ്പെടുത്തിയപ്പോൾ സ്കോർ 1-0 എന്ന നിലയിൽ തന്നെ ആദ്യ പകുതി അവസാനിച്ചു.